മോഹന കണ്ണന്
സൂറത്ത് നഗരം നോക്കിക്കൊണ്ട് ശിവാജി പറഞ്ഞു. ആരോടും വ്യക്തിപരമായി ഞങ്ങള്‍ക്ക് വിദ്വേഷമില്ല, ഔറംഗസേബ് മൂന്ന് വര്‍ഷം നിരന്തരം നമ്മുടെ രാജ്യം തകര്‍ത്തിരുന്നു. അതിന്റെ പ്രായശ്ചിത്തമായി ഞങ്ങള്‍ക്ക് അയാളുടെ രാജ്യം കൊള്ളയടിക്കേണ്ടി വന്നു. വളരെ ദിവസങ്ങളായുള്ള ആഗ്രഹം ഇന്നു പൂര്‍ത്തിയായി.
വളരെയധികം ധനരാശി വഹിച്ചുകൊണ്ടുള്ള യാത്ര കുറച്ചു മന്ദഗതിയിലായിരുന്നു. അപ്രതീക്ഷിതമായി ആപത്തു വല്ലതും വന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് അഞ്ഞൂറ് കുതിരപ്പടയാളികള്‍ കുറച്ചുകഴിഞ്ഞ് പുറപ്പെട്ടാല്‍ മതിയെന്ന് ആജ്ഞകൊടുത്തു. സൂറത്തില്‍നിന്നും ശിവാജി പോയിട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മഹബത്ഖാന്‍ വന്‍ സൈന്യവുമായി സൂറത്തില്‍ എത്തി. അതുവരെ ഇനായതഖാന്‍ കോട്ടയില്‍നിന്നും പുറത്തുവരാനുള്ള ധൈര്യം കാണിച്ചില്ല. മഹബത്ഖാന്റെ സ്വാഗതവും ഇംഗ്ലീഷുകാരാണ് ചെയ്തത്.
ശിവാജിയുടെ ആക്രമണ സമയത്ത് ഇംഗ്ലീഷുകാര്‍ കാണിച്ച ധൈര്യത്തില്‍ ആകൃഷ്ടനായ മൊഹബതഖാന് അവരുടെ പ്രമുഖനായിരുന്ന ജോര്‍ജ്-ആക്സേണ്ഡന് വിലപിടിപ്പുള്ള ഒരു വാള് സമ്മാനമായി കൊടുക്കാന്‍ തയ്യാറായി. എന്നാല്‍ ജോര്‍ജ് വിനയത്തോടെ പറഞ്ഞു-നമ്മള് കച്ചവടക്കാരാണ്, വ്യക്തിപരമായി സമ്മാനം സ്വീകരിച്ചിട്ട് എന്ത് നേടാനാണ്. നമ്മുടെ ദേശത്തിന്റെ അഭിവൃദ്ധിക്കായി കച്ചവടത്തിനുള്ള അനുകൂല സൗകര്യങ്ങള്‍ നല്കിയാല് മതി. ദയവായി നമ്മുടെ വസ്തുക്കള്‍ക്ക് കയറ്റുമതി ചുങ്കം ഒഴിവാക്കിത്തരിക. അയാളുടെ നിവേദനം അപ്പോള്‍ തന്നെ അംഗീകരിച്ചു. പിന്നീട് ഔറംഗസേബും ഇംഗ്ലീഷുകാര്‍ കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു വര്‍ഷത്തെ കയറ്റുമതി ചുങ്കം ഒഴിവാക്കിക്കൊടുത്തു.
തന്റെ സ്ഥാനത്ത് തന്റെ രാഷ്ട്രം എന്ന ചിന്തയാണ്, രാഷ്ട്രാഭിമാനമാണ് അവരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരാക്കിയത്. പ്രബലമായ രാഷ്ട്രനിഷ്ഠയാണ് ഈ മഹത് കാര്യം ചെയ്യാന്‍ അവരെ ശക്തരാക്കിയത്.
കാശ്മീരിന്റെ ആനന്ദപ്രദായകമായ അന്തരീക്ഷത്തില്‍ വിശ്രമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഔറംഗസേബ് തിരിച്ചെത്തിയത്. അപ്പോഴാണ് പൂനെയിലെ ലാല്‍ മഹളിലെ സംഭവം അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ ശിവാജിയെ ഈ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത ഔറംഗസേബ് ലാഹോര്‍ നഗരത്തിലായിരുന്നപ്പോഴാണ് സൂറത്തിലെ സംഭവവികാസങ്ങള്‍ അറിയുന്നത്. സൂറത്ത് നഗരത്തിന്റെ അഗ്നിജ്വാല ഔറംഗസേബിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു.
സൂറത്ത് നഗരത്തില്‍നിന്നും ലഭിച്ച ധനരാശിയുമായി വളരെ വേഗത്തില്‍ രാജദുര്ഗത്തിലേക്ക് പോകുകയായിരുന്നു ശിവാജി. സൂറത്തിലെ മഹാലക്ഷ്മിയെ അമ്മയുടെ കാല്ക്കല് സമര്‍പ്പിച്ച് അവരെ നമസ്കരിക്കണം എന്ന് ആ മാതൃഭക്തന്റെ ഉത്കടേച്ഛയായിരുന്നു. എന്നാല്‍ ആ സമയത്ത് വിധി ജീജാബായിയുടെ മാംഗല്യം പറിച്ചെടുത്തു. കര്‍ണാടക രാജ്യത്തിലെ ഷിമോഗാ പ്രദേശത്ത് ഹോദിഗേരേ എന്ന വനത്തില്‍ നായാട്ടിനുപോയിരുന്ന ശഹാജിരാജേ ഭോസലെ അപ്രതീക്ഷിതമായി കുതിരപ്പുറത്ത് നിന്ന് വീണു മരിച്ചു. 1664 ജനുവരി 23 നായിരുന്നു ഇത് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: