തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനി വഴിയോരത്ത് മരിച്ചീനി വില്‍ക്കുന്നു, ജീവന്‍ നിലനിര്‍ത്താന്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായാല്‍ പിന്നെന്തു ചെയ്യാന്‍….
വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം… കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ പ്രതിമാസം 8,000 രൂപയെന്ന നിസ്സാര തുകയ്ക്ക് ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ഇവര്‍.
പൂജപ്പുര തമലം സ്വദേശിനിയായ അവര്‍ ആശാവര്‍ക്കറായിരുന്നു. 2016 ഫെബ്രുവരിയില്‍ തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തു മാസം മാത്രമായ കുഞ്ഞിനെ ശ്രീരഞ്ജിനി കണ്ടത്. കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമ ശ്രീരഞ്ജിനിക്ക് വിങ്ങലായി.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഏപ്രില്‍ ആറിന് അലിയയ്‌ക്ക് ശ്രീരഞ്ജിനി കരള്‍ പകുത്തു നല്‍കി; അതും സൗജന്യമായി. പക്ഷേ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് ജീവിതം നരകതുല്യമായിരുന്നു. മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചു പോയി. ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. പിന്നെ താമസം വാടക വീടുകളില്‍.
വട്ടിയൂര്‍ക്കാവില്‍ ശ്രീരഞ്ജിനി താമസിക്കുന്ന വീടിന് 5,000 രൂപയാണ് വാടക. പിന്നെ മറ്റ് ചെലവുകളും മരുന്നും തുടര്‍ചികിത്സയും. വെറും 3,000 രൂപയില്‍ ജീവിതം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടിണിയും കടവും മാത്രം. അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ശ്രീരഞ്ജിനി മരച്ചീനി കച്ചവടത്തിനിറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിനരികിലും അറപ്പുര ജങ്ഷനിലുമാണ് മരച്ചീനി വില്‍പ്പന. സ്ഥിരനിയമനം വാഗ്ദാനം ചെയ്ത ആരോഗ്യ വകുപ്പ് ഇപ്പോള്‍ അനങ്ങുന്നില്ല. അവയവ ദാനം പ്രോത്സാഹിപ്പിക്കാന്‍ പണിപ്പെടുന്ന സര്‍ക്കാര്‍ അവയവദാനത്തിന് ശേഷമുള്ള ശ്രീരഞ്ജിനിമാരുടെ ജീവിതം കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: