ബാംബോലി: ഐഎസ്എല്‍ ഏഴാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്സി മുക്കി. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്്റ്റേഴ്സിനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റില്‍ ആദംലേ ഫോണ്ട്രെയും പതിനൊന്നാം മിനിറ്റില്‍ ഹ്യൂഗോ ബൗമസുമാണ് ഗോളുകള്‍ നേടിയത്.
ഈ സീസണില്‍ മുംബൈ സിറ്റിയുടെ ആറാം വിജയമാണിത്. ഇതോടെ എട്ട് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുമായി മുംബൈ സിറ്റി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ നാലാം തോല്‍വിയാണിത്. എട്ട് മത്സരങ്ങളില്‍ ആറു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പക്ഷെ തുടക്കത്തിലേ തിരിച്ചടിയേറ്റു. ആദ്യ പതിനൊന്ന് മിനിറ്റില്‍ തന്നെ രണ്ട് ഗോളുകള്‍ വഴങ്ങി പിന്നാക്കം പോയി. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വല ചലിച്ചു. പെനാല്‍റ്റി മുതലാക്കി മുംബൈ സിറ്റിയുടെ ആദംലേ ഫോണ്ട്രെയാണ് പന്ത് വലയിലാക്കിയത്. പെനാല്‍റ്റി ഏരിയയില്‍ മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസിനെ ബ്ലാസ്റ്റേഴ്സ് താരം കോസ്റ്റ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്്. ഫോണ്ട്രെയുടെ സ്പോട്ട് കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനോ ഗോമസിന്റെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി.
എട്ട് മിനിറ്റുകള്‍ക്ക് ശേഷം മുംബൈ സിറ്റി രണ്ടാം ഗോളും നേടി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മുംബൈ സ്കോര്‍ ചെയ്തത്. അഹമ്മദ് ജാഹുവിന്റെ പാസ് സ്വീകരിച്ച ബൗമസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രതിരോതാരങ്ങളെ മറികടന്ന് പോസ്റ്റിലേക്ക്് നിറയൊഴിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി 2-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് സ്കോര്‍ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വിന്‍സന്റ് ഗോമസിന്റെ ഹെഡ്ഡര്‍ മുംബൈ സിറ്റിയുടെ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.
അതിനിടെ മുംബൈയ്ക്ക്് ലീഡ് ഉയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഹ്യൂഗോ ബൗമസ് പാഴാക്കി. ബൗമസിനെ ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ് ഫൗള്‍ ചെയ്തിന് റഫറി പെനാല്‍റ്റി വിധിച്ചു. പക്ഷെ കിക്കെടുത്ത ബൗമസിന് പന്ത് വലയിലാക്കാന്‍ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് നിരന്തരം മുംബൈ സിറ്റി ഗോള്മുഖുത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: