ലണ്ടന്‍: അമിതമായ കൊവിഡ് വ്യാപനം മൂലം ലണ്ടനിലെ എല്ലാം പ്രൈമറി സ്കൂളുകളും അടച്ചിടാന്‍ യുകെ സര്‍ക്കാര്‍ ഉത്തരവിറക്കി.
ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രോഗവ്യാപനം വര്‍ധിപ്പിക്കുന്ന സാഹചര്യം വിലയിരുത്തിയ ശേഷമാണ് അവിടുത്തെ വിദ്യാഭ്യാസവകുപ്പ് പ്രാഥമിക വിദ്യാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്. വിദ്യാഭ്യാസത്തിലെ അടിയന്തര രൂപരേഖ യുകെ തലസ്ഥാനമായ ലണ്ടനിലുടനീളം ബാധകമാണെന്നും സമിതി വിലയിരുത്തി.
പകരം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസംവിധാനമൊരുക്കാനും ധാരണയായി. വിദ്യാഭ്യാസമന്ത്രി നിക് ഗിബ്ബിനെ ശരിയായ തീരുമാനമെടുത്തതില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് അഭിനന്ദിച്ചു. ജനവരി നാലിന് തുറക്കാനിരിക്കെയാണ് പ്രൈമറി സ്കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം വന്നത്.
നേരത്തെ പ്രതിപക്ഷവും അധ്യാപകസംഘടനകളുംഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും അടച്ചിടാന്‍ ആവശ്യമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആരോഗ്യസേവനസംവിധാനമായ നാഷണല്‍ ഹെല്സ് സര്‍വ്വീസ് (എന്‍എച്ച്എസ്) ആശുപത്രികളില്‍ പ്രവേശനം നേടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ജനിതക രൂപമാറ്റം വന്ന പുതിയ കോവിഡ് 19 വൈറസ് യുകെയില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്. 964 മരണങ്ങളും 55,892 രോഗബാധയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞതിനെതുടര്‍ന്ന് മരവിപ്പിച്ച കൊവിഡ് ചികിത്സാസംവിധാനങ്ങളെല്ലാം ബ്രിട്ടനില്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിച്ചു തുടങ്ങുകയാണ്.
യുകെ ഒരു കൊടുങ്കാറ്റില്പ്പെട്ടിരിക്കുന്നു എന്നാണ് റോയല്‍ കോളെജ് ഓഫ് നഴ്സിംഗ് ഇംഗ്ലണ്ട് ഡയറക്ടര്‍ മൈക്ക് ആഡംസ് പുതിയ സാഹചര്യത്തെ വിശേഷിപ്പച്ചത്. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ അടിയന്തരഘട്ടം വലിയൊരു ആഘാതം സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ 70 ശതമാനം അധികം രോഗവ്യാപനശേഷിയുള്ളതാണ് കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: