ന്യൂദല്‍ഹി: രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ജവാന്മാരെ പാക്കിസ്ഥാനി ചാരന്മാര് വിളിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. അതേ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ കണ്ട്രോള് റൂമുകളിലേക്കോ, ഓഫിസര്‍മാരെയോ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിളിച്ചേക്കാമെന്ന് ഇന്റലിന്ജന്സസ് വിവരങ്ങള്‍(ഇന്പുട്) പറയുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിവിശിഷ്ട വ്യക്തികള്‍(വിവിഐപി), സൈനിക നീക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ മനസിലാക്കാന്‍ സ്വീകരിച്ചിരിക്കുന്ന പുതിയ മാര്‍ഗമാണിതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ കെണിയില്‍ പെടാതിരിക്കാന്‍ സുരക്ഷാ സേനകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്കി.
പാക്കിസ്ഥാന് ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ സ്വന്തം സേനയിലെയോ, മറ്റു സേനയിലെയോ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിന്യാസം, വിഐപി നീക്കങ്ങള്‍ തുടങ്ങിയ സേനാ സംബന്ധമായ വിവരങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നീക്കവും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ സേനയിലെ ഉദ്യോഗസ്ഥരെ ഫോണ്‍ വിളിയിലുടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മറ്റ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍കൂടി കൂട്ടി യോജിപ്പിച്ച ശേഷം തയ്യാറാക്കിയ പുതിയ ‘ഇന്പുട്’ പറയുന്നതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിളിക്കുന്നത് ആരെന്ന് മനസിലാകാതെ ഉദ്യോഗസ്ഥര്‍ ഒരു വിവരവും നല്‍കരുതെന്ന് കണ്ട്രോള് റൂമുകളോട് നിര്‍ദേശിക്കണമെന്ന് എല്ലാ അര്‍ധസൈനിക വിഭാഗങ്ങളോടും ‘ഇന്പുട്’ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുതിയ രീതിയെ പരാജയപ്പെടുത്താന്‍ വിവിധ നടപടികളും ഇന്പുടില് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: