കൊല്ലം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടന്ന സ്‌കൂളുകള്‍ പുതുവര്‍ഷപ്പുലരിയില്‍ തുറന്നു. വാര്‍ഷിക പരീക്ഷ കണക്കിലെടുത്ത് 10, 12 ക്ലാസിലെ കുട്ടികളാണ് ഇന്നലെ സ്‌കൂളുകളില്‍ എത്തിയത്.
രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് ബാച്ചിലായാണ് ഇന്നലെ ക്ലാസുകള്‍ നടത്തിയത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് ഇരുത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനായാണിത്. കൊവിഡ് കാലത്തെ നിരന്തരമായ ഓണ്‍ലൈന്‍ പഠനം വരുത്തിയ മടുപ്പില്‍നിന്നും സ്‌കൂള്‍ കണ്ടതിന്റെ സന്തോഷം ചില വിദ്യാര്‍ഥികള്‍ പങ്കിട്ടെങ്കിലും കൂട്ടുകാരെ പൂര്‍ണമായ തോതില്‍ കാണാനാകാത്തതിലെ വിഷമങ്ങളും അവര്‍ പ്രകടമാക്കി. നിരാശാജനകമായ മുഖങ്ങളും സ്‌കൂളുകളില്‍ കാണപ്പെട്ടു. പൊതുവെ സമ്മിശ്ര പ്രതികരണമാണ് കുട്ടികളില്‍ നിന്നും ഉണ്ടായത്.
കൊല്ലം ഗവ. മോഡല്‍ ബോയ്സ് എച്ച്എസ്എസില്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. കുട്ടികളുമായി സംവദിച്ച കലക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.
വീടുകളിലും യാത്രാവേളകളിലും വാഹനങ്ങളിലും മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും കളക്ടര്‍ കുട്ടികളോട് പറഞ്ഞ. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. യാത്രാവേളയില്‍ കണ്‍സഷന്‍ ലഭിക്കാതിരുന്നാല്‍ പരാതി സ്‌കൂള്‍ അധികൃതര്‍ വഴി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ജില്ലയില്‍ 230 സ്‌കൂളുകള്‍ തുറന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അച്ചന്‍കോവില്‍ കടയ്‌ക്കല്‍ പുനലൂര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: