കുന്നത്തൂര്‍: എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലെത്തിയ പോരുവഴിയില്‍ പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ഡിസിസി. എന്നാല്‍ പുറത്താക്കല്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അറിവോടെയുള്ള നാടകമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി.
വര്‍ഗീയപാര്‍ട്ടിയായ എസ്ഡിപിഐയുടെ പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ബിനു മംഗലത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പ്രസ്താവന ഇറക്കിയത്. എന്നാല്‍ പുറത്താക്കല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും പാര്‍ട്ടിയിലും പൊതു സമൂഹത്തിലും ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനുമാണെന്നാണ് ആരോപണം.
പാര്‍ട്ടിയുടെ ജില്ലാ – ബ്ലോക്ക് – മണ്ഡലം ഭാരവാഹികളുടെ അറിവോടും അവര്‍ ഇടനില നിന്നുമാണ് എസ്ഡിപിയുമായുള്ള കച്ചവടം ഉറപ്പിച്ചത്. ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ എല്‍ഡിഎഫും ഈ കച്ചവടത്തില്‍ പങ്കാളികളായി. അതിന് പ്രകാരമാണ് ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപിയെ പരാജയപ്പെടുത്താന്‍ മൂവരും തീരുമാനമെടുത്തത്. ആകെയുള്ള 18 സീറ്റില്‍ ബിജെപിക്കും എല്‍ഡിഎഫിനും യുഡിഎഫിനും 5 വീതവും എസ്ഡിപിഐക്ക് 3 ഉം സീറ്റുകളാണ്. മൂന്ന് മുന്നണികള്‍ക്കും തുല്യ നില വന്നതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിന്റെ ആനുകൂല്യം ബിജെപിക്ക് ലഭിക്കാതിരിക്കാനാണ് എസ്ഡിപിയുമായി അവിശുദ്ധ സംഖ്യം ഇരുമുന്നണികളും ഉണ്ടാക്കിയത്.
മുന്‍പും നിരവധി തവണ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ടയാളാണ് ബിനു മംഗലത്തെന്നും പുറത്താക്കിയ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും എതിര്‍വിഭാഗം പറയുന്നു. അതിനാല്‍ ഇത് നേതൃത്വത്തിന്റെ അറിവോടെയുള്ള പുറത്താക്കല്‍ നാടകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
അതേസമയം വര്‍ഗീയതക്കെതിരെ കാപട്യം നിറഞ്ഞ നിലപാടാണ് ഇരുമുന്നണികള്‍ക്കുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാജേഷ് വരവിള പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: