മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാനന്തര്‍ ഭാഗത്തുള്ള വനവാസി ഊരില്‍ വനവാസി യുവക്കള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു.
ഗുരുതരമായി പരിക്കേറ്റ നാക്കുപ്പെട്ടികുടിയിലെ മുത്തുസ്വാമി(48) യെ മൂന്ന് കിലോമീറ്റര്‍ ദൂരം ദുര്‍ഘടപാതയിലൂടെ ചുമന്ന് റോഡിലെത്തിച്ച ശേഷം പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുത്തുസ്വാമിക്ക് നാക്കുപ്പെട്ടി ഊരിലെ തന്നെ ലവന്‍(39) 15,000 രൂപ വായ്പ നല്‍കിയിരുന്നു. ഇത് തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് കുടിക്ക് സമീപത്തായി മുത്തുസ്വാമി കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ എത്തി പുതുവത്സര ദിനത്തില്‍ പണം ആവശ്യപ്പെടുകയും തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.
കുത്തി വീഴ്‌ത്തിയ ശേഷം ലവന്‍ തന്നെയാണ് നാക്കുപ്പെട്ടികുടിയില്‍ എത്തി വിവരം പറയുന്നത്. എട്ടുമണിയോടെയാണ് ഊര് നിവാസികള്‍ മുത്തുസ്വാമിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് മറയൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പത്ത് മണിയോടെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പ്രദേശത്ത് സമീപ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും മഞ്ഞും കാരണം ഇവിടേക്ക് വാഹനം എത്തിക്കാന്‍ സാധിച്ചില്ല.
പിന്നീട് വനവാസി യുവാക്കളുടെ സഹായത്തോടെ കാട്ടുകമ്പില്‍ കമ്പിളിപുതപ്പ് ഉപയോഗിച്ച് മഞ്ചല്‍ കെട്ടിയുണ്ടാക്കിയാണ് റോഡിലേക്ക് എത്തിച്ചത്.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. പ്രതിയെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. വനമേഖലയിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: