ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തിനു ശേഷം കേരളത്തിന്റെ നിശ്ചല ദൃശ്യം ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ആലപ്പുഴയിലെ കയര്‍ വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ള ആശയമാണ് കേരളം അവതരിപ്പിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര മാതൃകയാണ് യുപിയുടെ ടാബ്ലോ. 2018ലാണ് കേരളം അവസാനം നിശ്ചല ദൃശ്യം അവതരിപ്പിച്ചത്. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും മികച്ച ആശയം സമര്‍പ്പിക്കാത്തതിനാല്‍ അവസരം ലഭിച്ചിരുന്നില്ല. 16 സംസ്ഥാനങ്ങളില്‍ നിന്നും 16 കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്നുമുള്ള നിശ്ചല ദൃശ്യങ്ങളാണ് അണിനിരക്കുന്നത്.
ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡ് രാജ്പഥില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ എത്തില്ല എന്നതും ഇത്തവണത്തെ സവിശേഷതയാണ്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധ സ്മാരത്തിന് മുന്നിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ പരേഡ് സമാപിക്കും. 8.2 കിലോമീറ്റര്‍ പരേഡാണ് 3.3 കിലോമീറ്ററായി ചുരുങ്ങുന്നത്.
പരേഡ് കാണുന്നതിനും ഇത്തവണ നിയന്ത്രണങ്ങളുണ്ട്. 1.25 ലക്ഷം പേര്‍ക്ക് പ്രത്യേക പാസ് നല്കി നടത്തുന്ന പരേഡ് ഇത്തവണ 25,000ത്തില്‍ ഒതുങ്ങും. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തവണ പരേഡ് കാണുന്നതിന് അനുമതിയുണ്ടാവില്ല. നൃത്ത പരിപാടികളില്‍ അണിനിരക്കുന്ന സ്കൂള്‍ കുട്ടികളുടെ എണ്ണവും നൂറില്‍ നിന്ന് നാല്‍പ്പതായി കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: