ബെംഗളുരു: ഇസ്ലാമിക മതമൗലിക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപി ഐ) കര്‍ണ്ണാടകയില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കി. കര്‍ണ്ണാടകയില്‍ നടന്ന പ്രാദേശിക സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളില്‍ എസ്ഡിപിഐ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി.
എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ് കന്നടയിലെ എസ്പി ബി.എം. ലക്ഷ്മിപ്രസാദ് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് നിയമവിരുദ്ധമായി കൂട്ടംചേരല്‍ (143) രാജ്യദ്രോഹക്കുറ്റം (124(എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ 54 സെക്കന്റ് നീളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെല്‍തങ്ങാടി താലൂക്കിലെ മുണ്ടജെ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അധികൃതര്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നുകേള്‍ക്കുന്നത്. അതേ സമയം പാകിസ്ഥാന് സിന്ദാബാദ് എന്നല്ല പകരം എസ് ഡിപി ഐ സിന്ദാബാദ് എന്ന മൂദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ മുഴക്കിയതെന്ന് സംഭവം നിഷേധിച്ചുകൊണ്ട് എസ്ഡിപി ഐ ബാല്തങ്ങാടി അസംബ്ലി യൂണിറ്റിലെ പ്രസിഡന്റ് ഹൈദര്‍ അലി പ്രസ്താവനയില്‍ പറഞ്ഞു.
എസ് ഡിപി ഐയും അവരുടെ മാതൃസംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും (പി എഫ് ഐ) ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഈയിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി പിഎഫ് ഐയ്ക്കെതിരെ റെയ്ഡുകള്‍ നടത്തിയിരുന്നു. ദില്ലികലാപത്തിന്റെ പേരിലും സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും പേരിലും പിഎഫ് ഐ അംഗങ്ങള്‍ ആരോപണത്തിന്റെ നിഴലിലാണ്.
ഡിസംബര്‍ 22 മുതല്‍ 27 വരെ 5,728 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള 91,339 സീറ്റുകളിലേക്ക് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഏകദേശം 81 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: