കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്. ഇതിനായി 11 കോടി കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്യും. കേരളത്തില്‍ 14 ലക്ഷം കുടുംബങ്ങളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തുമെന്ന് സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ അയോധ്യയില്‍ രാമജന്മഭൂമിയില്‍ വിശിഷ്ട രാമക്ഷേത്ര നിര്‍മാണം ജനുവരിയില്‍ ആരംഭിക്കുകയാണ്. രണ്ടര വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര എന്ന കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത സംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. തീര്‍ഥ ക്ഷേത്ര, വിശ്വഹിന്ദു പരിഷത്തിനോട് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പല നൂറ്റാണ്ടായി അനേകകോടി ഹിന്ദുക്കളുടെ ത്യാഗമാണ് ക്ഷേത്ര നിര്‍മാണം സാധ്യമാക്കിയത്. രാമക്ഷേത്രം ഹിന്ദുക്കളുടെ അഭിമാനമാണ്. 360 അടി നീളത്തില്‍, 235 അടി വീതിയില്‍, 161 അടി ഉയരത്തില്‍, മൂന്നു നിലയില്‍ അഞ്ച് ശിഖരങ്ങൡലായി ഉയരുന്ന ഭവ്യക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ ധര്‍മാചാര്യന്മാരും വിവിധ ഹിന്ദു സംഘടനകളും അടക്കം ജനാവലിയെ പങ്കാളികളാക്കാന്‍ വിഎച്ച്പി ജനസമ്പര്‍ക്കം നടത്തുമെന്ന് പരാണ്ഡെ പറഞ്ഞു.
മകര സംക്രമ ദിവസമായ ജനുവരി 15 മുതല്‍ മാഘ പൗര്‍ണമിയായ ഫെബ്രുവരി 27 വരെയുള്ള ദിവസങ്ങളിലാണ് സമ്പര്‍ക്കം. രാജ്യവ്യാപകമായി നാലു ലക്ഷം ഗ്രാമങ്ങളില്‍ 11 കോടി കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്യും. കേരളത്തില്‍ 14,200 സ്ഥലങ്ങളില്‍ 14 ലക്ഷം കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്ത് രാമക്ഷേത്രത്തെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചും അറിയിക്കും. ഇവിടെ ജനുവരി 31 മുതല്‍ ഫെബ്രുവരി 28 വരെയാണ് സമ്പര്‍ക്കം.
സമ്പര്‍ക്കത്തിലൂടെ, ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ വിശ്വാസികളില്‍നിന്ന് ധനസമാഹരണം നടത്തും. ഇതിന് ഓണ്‍ലൈന്‍ വഴിയും രസീതു വഴിയും 10 രൂപ, 100 രൂപ, 1000 രൂപ എന്നിങ്ങനെ കൂപ്പണിലൂടെയും സഹായം നല്‍കാം.
കേരളത്തില്‍ ജനസമ്പര്‍ക്കം വന്‍ വിജയമാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പരാണ്ഡെ പറഞ്ഞു. ധര്‍മാചാര്യന്മാരായ സ്വാമി ചിദാനന്ദപുരി, വിവിക്താനന്ദ സരസ്വതി, സദ്‌സ്വരൂപാനന്ദ സരസ്വതി, പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാമി സദ്‌സ്വരൂപാനന്ദ, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ മാധ്യമസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: