പീരുമേട്: ഏലപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ നോക്കി നില്‍ക്കെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ആറ് കൈയേറി നിര്‍മ്മാണം. ഏലപ്പാറ പാലത്തിന് സമീപമാണ് ആറ്റുപുറംമ്പോക്ക് കൈയേറിയാണ് വന്‍കിട കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.
ഡിസിസി മെമ്പറായ പൈങ്ങാലിയില് മജു പി. ജോര്‍ജാണ് സ്ഥലം കൈയേറി 2000 ചതുരശ്ര അടിയോളം വലിപ്പമുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ഇത്തരത്തില്‍ കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന്റെ വാര്‍ക്ക വരെയുള്ള പണികള്‍ നിലവില്‍ പൂര്‍ത്തിയായി.
സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരിടപ്പെട്ട് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി പ്രതികരിക്കാന്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയും തയ്യാറായില്ല. നാവ് കുഴയുന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം.
രണ്ടാഴ്ച മുമ്പാണ് ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്. കോണ്‍ക്രീറ്റ് പില്ലറുകള്‍ നിര്‍മ്മിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര വാര്‍ത്തത്. പഞ്ചായത്തിന്റെ ഭരണം കോണ്‍ഗ്രസിന് ഉറപ്പായതോടെയാണ് ഇത്തരമൊരു നടപടി ഡിസിസി അംഗത്തിന്റെ ഭാഗത്ത് നിന്ന് തന്നെ വരുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ സ്ഥലമാണിത്. ഇതിന് സമീപത്തായി ഓട്ടോറിക്ഷ സ്റ്റാന്റിനായി പഞ്ചായത്ത് അധികൃതര്‍ ആറില്‍ ഫില്ലറുകള്‍ വാര്‍ത്തെങ്കിലും പിന്നീട് വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഈ ജോലി വേണ്ടെന്ന് വെച്ചിരുന്നു.
സ്ഥലത്തിന് പട്ടയമോ, പഞ്ചായത്ത് അനുമതിയോ ഒന്നും വാങ്ങിയിരുന്നില്ല. നിര്‍മ്മാണം ആരംഭിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായി സെക്രട്ടറി അറിയിച്ചു. നിര്‍മ്മാണം നടത്തിയത് പൊളിച്ച് നീക്കുമെന്നും ഇദ്ദേഹം പറഞ്ഞു. വീടിന് മുന്‍വശം കെട്ടിയെടുക്കുന്നുവെന്ന വ്യാജേനെയായിരുന്നു നടപടി. അതേ സമയം നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ പോലീസിന്റെ സഹായം തേടുകയോ കൃത്യ സമയത്ത് നടപടി എടുക്കുകയോ പഞ്ചായത്ത് സെക്രട്ടറി ചെയ്തില്ലെന്ന് പ്രദേശവാസികളും പറയുന്നു.
സെക്രട്ടറിയ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കും
സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഗുരുതര വീഴ്ച പറ്റിയതായും ഇയാള്‍ക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ രാത്രി വാര്‍ക്ക നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ സെക്രട്ടറിയോട് പണി നിര്ത്തിവെയ്പ്പിക്കാനും പണിയായുധങ്ങള്‍ പിടിച്ചെടുക്കാനും ആവശ്യപ്പെട്ടിരുന്നു. പണി പൂര്‍ത്തിയായ സ്ഥിതിയ്ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടിയ ശേഷം നടപടിക്കായി സര്‍ക്കാരിന് വിവരം കൈമാറുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: