കൊല്ലം: സ്വന്തമായുണ്ടായിരുന്ന 20 സെന്റ് സ്ഥലവും വീടും വിറ്റ് മൂന്ന് പെണ്മക്കളുടെ വിവാഹം നടത്തിയ നിര്‍ധനനായ വൃദ്ധനെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷനില്‍ നിന്നും വീട് ലഭിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
അഞ്ചല്‍ പനയംഞ്ചേരി സ്വദേശി ശിവശങ്കരപിള്ളയ്ക്ക് വീട് അനുവദിക്കണമെന്നാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി അഞ്ചല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്. അഞ്ചല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. ലൈഫ് മിഷന് ലിസ്റ്റില്‍ പരാതിക്കാരന് ഉള്‍പ്പെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമസഭ നിര്‍ദ്ദേശിക്കാത്തതാണ് കാരണം.
വീട് ലഭിക്കാന്‍ പരാതിക്കാരന് അര്‍ഹതയുണ്ടെന്ന് വിഇഒ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ ലൈഫ് മിഷനില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ പരാതിക്കാരനെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ പെരുമാറ്റം കാരണമാണ് ആദ്യപട്ടികയില്‍ നിന്നും താന്‍ പുറത്താകാന്‍ കാരണമെന്ന് പരാതിക്കാരന് അറിയിച്ചു. ആദ്യലിസ്റ്റില്‍ തന്നെ പരാതിക്കാരനെ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഗുണഭോക്തൃലിസ്റ്റില്‍ പരാതിക്കാരനെക്കൂടി ഉള്‍പ്പെടുത്തി അര്‍ഹമായ വീട് അടിയന്തരമായി അനുവദിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: