കൊല്ലം: സിവില്‍ ഡിഫന്‍സിന്റെ ജില്ലാ തല പരിശീലനത്തിന്റെ സമാപനദിനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഫയര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അന്വേഷണവിധേയമായാണ് മൂന്ന് ഉദ്യോഗസ്ഥരെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ആര്. ശ്രീലേഖ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയത്.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റീജിയണല്‍ ഫയര്‍ ഓഫീസറാണ് അന്വേഷിച്ച് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 17ന് സമാപിച്ച പരിശീലന പരിപാടിയിലാണ് അച്ചടക്കരഹിതമായി ജീവനക്കാര്‍ പങ്കെടുത്തതെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരിശീലകരായ കൊല്ലം, കരുനാഗപ്പള്ളി നിലയങ്ങളിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ (മെക്കാനിക്ക്) ഇ. ഡൊമിനിക്ക്, ഡി.എസ്. വിവേക് എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെപാട്ടുപാടി നൃത്തം ചെയ്തത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തടയാന്‍ ഉത്തരവാദപ്പെട്ട കൊല്ലം ജില്ലാ ഫയര്‍ ഓഫീസര്‍ ആയ കെ. ഹരികുമാര്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കെ. ഹരികുമാറിനെയും ഡി.എസ്. വിവേകിനെയും പത്തനംതിട്ടയ്ക്കും ഇ. ഡൊമിനിക്കിനെ അടൂരേക്കുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. പകരം പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസറായ വി.സി. വിശ്വനാഥനെ കൊല്ലം ജില്ലാ ഫയര്‍ ഓഫീസറായും അടൂര്‍ നിലയത്തിലെ സീനിയര്‍ ഓഫീസര്‍ കെ. അനില്‍കുമാറിനെ കൊല്ലം നിലയത്തിലേക്കും മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: