ശിവഗിരി തീര്‍ത്ഥാടനം തികച്ചും വ്യത്യസ്തമായാണ് ശ്രീനാരായണഗുരുദേവന്‍ വിഭാവനം ചെയ്തത്. ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതിക്കുവേണ്ടിയുള്ള വിജ്ഞാനസമ്പാദനവും തദ്വാരാ വ്യക്തികളുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമസ്ത ലോകത്തിന്റെയും അഭിവൃദ്ധിയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം നേരിട്ട് ഗ്രഹിക്കാനാവാത്തവരും ബ്രഹ്മത്തിന്റെ അദ്വയഭാവം അറിയാത്തവരുമായ ശരാശരി ഭക്തന്മാര്‍ക്ക് വേണ്ടിയാണ് ഗുരു വിഗ്രഹാരാധനയ്‌ക്ക് കളമൊരുക്കിയത്. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളെ പൂര്‍വാര്‍ദ്ധമെന്നും ഉത്തരാര്‍ദ്ധമെന്നും പൊതുവേ രണ്ടായി തരംതിരിക്കാം. അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചെളിക്കുണ്ടില്‍ ആണ്ടുകിടന്ന അടിമകളും പണിയാളരുമായ തീണ്ടല്‍ വിഭാഗത്തെയും അധഃസ്ഥിത ജനവിഭാഗത്തെയും സാമൂഹ്യപരിവര്‍ത്തനത്തിലും സാംസ്‌കാരിക നവോത്ഥാനത്തിലും മാനവികതയിലും എത്തിക്കാന്‍ ഗുരുപ്രതിഷ്ഠകള്‍ക്കും അദ്ദേഹത്തിന്റെ സിദ്ധികള്‍ക്കും പര്യാപ്തമായിട്ടുണ്ട്. ഗുരുവിന്റെ ജീവിതത്തില്‍ സവിശേഷമായ ചില പ്രതിഷ്ഠകള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്വാമികള്‍ 33 വയസ്സുള്ള തേജോമയനായ ഒരു യുവയോഗി ആയിരുന്ന സമയത്താണ് കര്‍മ്മകാണ്ഡത്തിന് തുടക്കംകുറിച്ചുകൊണ്ട് 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ശതാബ്ദങ്ങള്‍ നീണ്ട അനാചാരങ്ങളോടുള്ള സൗമ്യമായ ധിക്കാരമായിരുന്നു ആരാധനാ സ്വാതന്ത്ര്യത്തിന് നാന്ദികുറിച്ച അരുവിപ്പുറം പ്രതിഷ്ഠ. തൊട്ടടുത്ത വര്‍ഷം 1889 ല്‍ തിരുവനന്തപുരം മണ്ണന്തല ആനന്ദവല്ലീശ്വരം പ്രതിഷ്ഠ കഴിഞ്ഞ് ‘തിങ്കള്‍ മൗലിതിരുമെയ് തലോടി ചേര്‍ന്നിരിക്കുന്ന തങ്കത്തിനെ” പ്രകീര്‍ത്തിച്ച് ഗുരു ‘മണ്ണന്തല ദേവീസ്തവം’ രചിക്കുകയും ചെയ്തു. ഈ കാലത്ത് തന്നെയാണ് ഗുരു വക്കം ദേവേശ്വരക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ഈ പ്രതിഷ്ഠയോടനുബന്ധിച്ചാണ് പിന്നീട് മഹാകവി കുമാരനാശാനായി മാറിയ ‘കുമാരു’വിനെ ആദ്യമായി കണ്ടെത്തി അനുഗ്രഹിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അടുത്ത പ്രതിഷ്ഠയാണ് കോവളം തൊട്ടുനില്‍ക്കുന്ന കുന്നുംപാറയില്‍ 1895 ല്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. പഴയ കൊച്ചിരാജ്യത്ത് പെരുങ്ങോട്ടുകരയില്‍ ഗുരു സ്ഥാപിച്ച ഏറ്റവും പഴക്കംചെന്ന പ്രതിഷ്ഠയാണ് ശ്രീസോമശേഖര പ്രതിഷ്ഠ. തുടര്‍ന്ന് സ്വാമികള്‍ നടത്തിയ ശ്രദ്ധേയമായ പ്രതിഷ്ഠകളാണ് 1908 ലെ തലശേരിയിലെ ജഗന്നാഥക്ഷേത്ര പ്രതിഷ്ഠ, 1910 ലെ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രപ്രതിഷ്ഠ, 1918 ലെ കണ്ണൂര്‍ സുന്ദരേശ്വര പ്രതിഷ്ഠ എന്നിവ. സ്വാമികളുടെ മുന്‍കാല പ്രതിഷ്ഠകളില്‍ നിന്ന് ഏറ്റവും വ്യത്യസ്തമാണ് 1912 ല്‍, ഇന്ന് ലോകപ്രസിദ്ധമായ ശിവഗിരി ശാരദാ പ്രതിഷ്ഠ നടന്നത്. വിദ്യാമഹേശ്വരിയായ ശാരദയെയാണ് ക്രാന്തദര്‍ശിയായ ഗുരു ശിവഗിരിയില്‍ പ്രതിഷ്ഠിച്ചത്. ഗുരു ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുമ്പോള്‍ ആ പ്രതിഷ്ഠകള്‍ക്ക് സ്ഥലകാലനാമത്തിനനുയോജ്യമായ രീതിയില്‍ നാമകരണങ്ങള്‍ നല്‍കിയതും പ്രത്യേകം ശ്രദ്ധേയമാണ്.
ഗുരു പ്രതീകാത്മകത്വത്തിലേക്ക് കടന്ന് ഉത്തരാര്‍ധ പ്രതിഷ്ഠകള്‍ നടത്തിയത്. 1918 നുശേഷമാണ്. 1920 ല്‍ തൃശൂര്‍ ജില്ലയിലെ കാരമുക്ക് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും ‘വെളിച്ചമുണ്ടാകട്ടെ’ എന്ന ആശംസകളോടുകൂടി വിളക്കാണ് പ്രതിഷ്ഠിച്ചത്. 1922 ല്‍ തിരുവനന്തപുരത്ത് മുരുക്കുംപുഴ ശ്രീകാളകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ഭക്തരുടെ ആവശ്യപ്രകാരം ശിവലിംഗ പ്രതിഷ്ഠ നടത്തിയെങ്കിലും അതോടൊപ്പം ‘ഓം സത്യം, ധര്‍മ്മം, ദയ, ശാന്തി’ എന്നെഴുതിയ ഒരു പ്രഭകൂടി പ്രതിഷ്ഠിച്ചു. തുടര്‍ന്ന് സമാധിക്ക് മുമ്പായി 1927 ല്‍ ഓംശാന്തി എന്ന് രേഖപ്പെടുത്തിയ കണ്ണാടി കളവങ്കോടത്ത് ഗുരു പ്രതിഷ്ഠിച്ചു. അതുപോലെ വെച്ചൂര്‍ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലും കണ്ണാടി പ്രതിഷ്ഠിച്ചു. കണ്ണാടിയില്‍ നോക്കി സ്വാത്മ ബോധം നേടാനുള്ള സന്ദേശമാണതില്‍ അഹം ബ്രഹ്മാസ്മി എന്ന ഋഷീശ്വരന്മാര്‍ പഠിപ്പിച്ച അദൈ്വതസാരം ആന്തരികമായി ബോധ്യപ്പെടാത്തവര്‍ക്ക് വേണ്ടി ഗുരു കണ്ണാടി പ്രതിഷ്ഠയുടെ മാര്‍ഗം സ്വീകരിച്ചു. മനുഷ്യന് ഏറ്റവും പ്രയോജനകരമായ ഒരു പ്രപഞ്ചസത്യമാണ് താനും ഈശ്വരനും രണ്ടല്ലെന്ന ബോധം.
ഗുരുവിന്റെ സിദ്ധി സംബന്ധമായ സംഭവങ്ങള്‍ നിരവധിയാണ്. കൊല്ലവര്‍ഷം 1070 ല്‍ കരുനാഗപ്പള്ളി തീരദേശത്തെ കുന്നിനേഴ്‌ത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് കെട്ടുവള്ളത്തില്‍ തൊട്ടടുത്ത തുറയില്‍ കുന്നിലെത്തിയ ഗുരുവിനെ ലേഖകന്റെ പിതാമഹനായ പുല്ലന്തറ കൃഷ്ണനാശാന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് തൂവെള്ള തുണിവിരിച്ച ചാരുകസേരയില്‍ ഇരുത്താന്‍ ശ്രമിക്കുന്നു. ഗുരു അതില്‍ ഉപവിഷ്ടനാകാതെ പുതിയ തുണിയോ അലക്കിയ തുണിയോ വിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചാരുകസേരയില്‍ വിരിച്ച തുണിയില്‍ നേരത്തെ ആരോ കയറിയിരുന്ന വിവരം പിന്നീടാണ് കാര്യം അന്വേഷിച്ച ഭക്തജനങ്ങള്‍ അറിഞ്ഞത്. കൂടാതെ ചാരുകസേര ഏതാനും അടിമാറ്റിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാരണമാരാഞ്ഞ ചുറ്റും നിന്ന ഭക്തരോട്, ഗുരു അരുളിയത് ‘അവിടെ മറ്റൊരാളിന്റെ ഇരിപ്പിടം വരുമെന്നാണ്’ ഗുരു സൂചിപ്പിച്ച ആ സ്ഥലത്താണ്, മരുത്വാമലയുടെ മുകളിലുള്ള പിള്ളത്തടത്തില്‍ ഘോരതപസ്സനുഷ്ഠിച്ച സമയത്ത് ഒരു ദിവസം ഗുരുവിന്റെ മുമ്പില്‍ പ്രത്യക്ഷനായെന്ന് കരുതുന്ന ഗുരുവിന്റെ ഉപാസനാമൂര്‍ത്തി കൂടിയായ സുബ്രഹ്മണ്യസ്വാമിയെ പിന്നീട് പ്രതിഷ്ഠിച്ച് പ്രസിദ്ധമായ തുറയില്‍കുന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ശിവഗിരി ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപകനായിരുന്ന ജോണിന്റെ ക്ഷണപ്രകാരം ശിവഗിരിയിലെത്തിയ അഞ്ചു സായിപ്പന്മാര്‍, ഗുരുമുഖത്ത് നിന്ന് പ്രസരിച്ച പ്രഭാവലയം കണ്ട് ബോധരഹിതന്മാരെപ്പോലെയായി ഗുരുതൃപ്പാദങ്ങളെ സാഷ്ടാംഗം പ്രണമിച്ച് രണ്ടാം ക്രിസ്തുവെന്ന് ഗുരുവിനെ വിശേഷിപ്പിച്ച സംഭവം ഇത്തരുണത്തില്‍ സ്മരണീയമാണ്.
പ്രമാണി കുടുംബത്തിലെ കരുത്തനായ ഒരു യുവാവിനെ ഒരിക്കല്‍ ഭ്രാന്തിന്റെ ശല്യം കാരണം അയാളുടെ ബന്ധുക്കള്‍ ശിവഗിരിയിലെത്തിക്കുകയും ഭ്രാന്തന്‍ തോണിയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്ത കാരണം ഗുരു അയാളുടെ അടുക്കലേക്ക് ചെല്ലണമെന്ന ആവശ്യമുയരുകയും ചെയ്തു. ആരും നിര്‍ബന്ധിക്കാതെ തന്നെ ആ ഭ്രാന്തനായ യുവാവ് ഓടിവന്ന് ഗുരുസന്നിധിയില്‍ മുറ്റത്ത് സാഷ്ടാംഗം വീഴുകയാണുണ്ടായത്. അയാളുടെ രോഗം ഗുരുവിന്റെ ചന്ദനവടി പ്രയോഗത്താല്‍ നിശ്ശേഷം മാറി. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിദ്ധികള്‍ സാന്ദര്‍ഭികവും അവസരോചിതവുമായും ഗുരുവിന് പ്രയോഗിക്കേണ്ടിവന്നു.
എട്ട് തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍പ്പെടുന്ന ശുചിത്വം, കൃഷി എന്നിവയ്‌ക്ക് കൊറോണക്കാലത്ത് ലോകത്തെമ്പാടും വ്യാപിച്ച ശുചിത്വബോധത്തിന്റെ ആവശ്യകതയിലേക്ക് കാലങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പ് നല്‍കിയ ഗുരുവിനെ ഇന്ന് കാലം തിരിച്ചറിയും. 2020 ല്‍ തലസ്ഥാനത്ത് ഗുരുദേവ പ്രതിമയും ഗുരുവിന്റെ പേരില്‍ വിദൂരവിദ്യാഭ്യാസ യൂണിവേഴ്‌സിറ്റിയും ആരംഭിച്ചിരിക്കുകയാണ്. 2020-21 ലെ 88-ാമത് തീര്‍ഥാടനം ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ക്ക് ഒരുക്കി ഒരു വെര്‍ച്വല്‍ തീര്‍ഥാടനവും നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ വിജയപഥത്തിലെത്തി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക പ്രസക്തി കൈവന്നിരിക്കുന്നു.
കെ.എസ്. ശിവരാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: