കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ഉന്നതരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചേക്കാമെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ കൂട്ടുപ്രതികളുടെ മൊഴി എതിരാണ്. ഒന്നില്‍ക്കൂടുതല്‍ ഫോണുകളുള്ള കാര്യം മറച്ചുവച്ചു. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചുവെന്ന കസ്റ്റംസ് വാദം ശരിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ കഴിഞ്ഞദിവസം കസ്റ്റംസ് നടത്തിയ വാദങ്ങള്‍ ഇങ്ങനെയായിരുന്നു. വിദേശ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയും മുഖ്യമന്ത്രിയുമായുള്ള ബന്ധവും സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തതായി അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയില്‍ ശിവശങ്കര്‍ മുഖ്യപങ്കുവഹിച്ചതായി കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധ കുറ്റകൃത്യത്തിന്റെ ഗൗരവമറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: