തിരുവനന്തപുരം: കാറ്റു വീശിയാല്‍ വീട് പറന്നു പോകും, കറന്റില്ല, കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തില്‍, ദാഹമകറ്റാന്‍ അച്ഛനും മക്കളും ചേര്‍ന്ന് കിണര്‍ കുഴിക്കേണ്ടി വന്നു, മൂന്ന് സെന്റ് ഭൂമിയില്‍ ഒരു വീട് കിട്ടാന്‍, പട്ടയം മാറ്റിക്കിട്ടാന്‍ കയറിയിറങ്ങാത്ത പടികളില്ല…ഒടുവില്‍ വീടു നല്കാമെന്നുള്ള സര്‍ക്കാരിന്റെ വാഗ്ദാനം ലഭിക്കാന്‍ രാജനും മാനസിക വെല്ലുവിളി നേരിടുന്ന അമ്പിളിക്കും മക്കളുടെ കണ്മുമ്പില് ജീവനോടെ എരിഞ്ഞടങ്ങേണ്ടി വന്നു.
അതിയന്നൂര്‍ പഞ്ചായത്ത് നെടുതോട്ടം കോളനിയിലെ മൂന്നു സെന്റ് ഭൂമിയില്‍ തുരുമ്പിച്ച ഷീറ്റുകള്‍ മറച്ച വീട്ടില്‍ രാജനും കുടുംബവും താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭാര്യ അമ്പിളി മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു. ഇത്തരം സ്ത്രീകളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ പദ്ധതികളിലുള്ളത്. ഏറെ നാളായി നടക്കുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്തിനും അറിവുള്ളതാണ്. എന്നിട്ടും പട്ടയം ആവശ്യപ്പെട്ടുള്ള രാജന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. അതിനാല്‍ത്തന്നെ കറന്റും കുടിവെള്ളവും പോലും ഈ കുടുംബത്തിന് നിഷേധിച്ചു. കോടതി വ്യവഹാരം അടക്കമുള്ള കുടുംബത്തിന്റെ അവസ്ഥ അറിയാവുന്ന അധികാരികള്‍ അവരെ ലൈഫ് പദ്ധതിയില്‍പ്പെടുത്താന്‍ തയാറായില്ല.
പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ, താത്കാലിക ഭവനമുള്ളവര്‍, ഭൂമി-ഭവനരഹിതര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതി വഴി സര്‍ക്കാര്‍ വീടുകള്‍ നല്‍കുന്നത്. അതില്‍ മുന്‍ഗണന നല്‍കുന്നത് മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍ എന്നിവര്‍ക്കും. എന്നിട്ടും രാജന്റെ കുടുംബത്തെ ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവാക്കി.
2020 ഡിസംബര്‍ 9ലെ കണക്കനുസരിച്ച് 2,49,320 വീടുകളാണ് പൂര്‍ത്തീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. കഴിഞ്ഞ നൂറുദിന കര്‍മ പരിപാടിയില്‍ മാത്രം 25034 വീടുകള്‍ പൂര്‍ത്തീകരിച്ചത്രേ. തിരുവനന്തപുരം ജില്ലയില്‍ 37556 വീടുകള്‍ നിര്‍മിച്ചു. നൂറുദിന കര്‍മ പരിപാടിയില്‍ മാത്രം 3892 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമീണ മേഖലയ്ക്കുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം മാത്രം ജില്ലയില്‍ 2994 വീടുകളും നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ ഇവയൊന്നും യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നതിലേക്ക്് രാജന്-അമ്പിളി ദമ്പതികളുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നു. ഒടുവില്‍ ഇരുവരുടെയും ജീവന് നഷ്ടമായ ശേഷമാണ് അവര്‍ക്ക് വീട് വച്ചു നല്‍കാമെന്ന വാഗ്ദാനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: