നെയ്യാറ്റിന്‍കര / തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ നമ്പര്‍ വണ്‍ ആയെന്ന് കൊട്ടിഗ്ഘോഷിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ കത്തിയമര്‍ന്ന രാജന്-അമ്പിളി ദമ്പതികള്‍ പ്രതിഷേധമായി ആളുന്നു. രാജന്റെ മരണത്തിനു ശേഷം ഭൗതികദേഹം അടക്കം ചെയ്യാന്‍ വീടിനു മുന്നില്‍ കുഴിയെടുക്കുന്ന രഞ്ജിത്രാജിനെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനു നേരേ വിരല്‍ ചൂണ്ടി ഉന്നയിച്ച ചോദ്യം കേരളമാകെ അലയടിക്കുന്നു.
ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് വീടൊഴിപ്പിക്കാന്‍ പോലീസ് കാണിച്ച അമിതാവേശമാണ് രാജന്-അമ്പിളി ദമ്പതികളുടെ മരണത്തിനു കാരണമെന്ന ആരോപണവും ശക്തമായി. ലൈഫ് പദ്ധതിയില്‍ പോലും വീട് നല്‍കാത്ത സര്‍ക്കാര്‍ ഇരുവരുടേയും മരണത്തിനു ശേഷം സഹായ പ്രഖ്യാപനവുമായി രംഗത്തു വന്നു. മക്കള്‍ക്ക് വീടു നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് വീട് സന്ദര്‍ശിച്ചു. പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാന്‍ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജന് താമസിക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 22നാണ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി അഭിഭാഷക കമ്മീഷനോടൊത്ത് പോലീസ് എത്തുന്നത്. രാജനും ഭാര്യയും മക്കളും ആഹാരം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ എത്തിയത്. ആഹാരം കഴിക്കാന്‍ പോലും സമ്മതിക്കാതെ പുറത്തിറങ്ങണമെന്ന് പോലീസ് ആക്രോശിച്ചു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും തീരുമാനം വരട്ടെയെന്നും രാജന് അറിയിച്ചെങ്കിലും പോലീസ് വിട്ടില്ല. തുടര്‍ന്നാണ് മാനസിക വൈകല്യമുള്ള ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കുന്നത്. സമീപവാസി വസന്തയുടെ സമ്മര്‍ദ്ദമാണ് പോലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഇരുവരും മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ തടഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേയും വന്നു.
ബിനേഷ് കോടിയേരിയുടെ വീട്ടില്‍ ഇ ഡി റെയ്ഡു നടത്തിയപ്പോള്‍ മക്കള്‍ക്ക് പാലും ബിസ്ക്കറ്റുമായി ഓടിയെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന് രാജന്റേയും അമ്പിളിയുടേയും മക്കളുടെ കാര്യത്തില്‍ എന്തു ചെയ്യുന്നു എന്നും ചോദ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: