സ്വര്‍ഗത്തിലേക്ക് പോകാനാണ് ഹരിശ്ചന്ദ്രന് ദേവേന്ദ്രന്റെ ക്ഷണം. എന്നാല്‍ ഇപ്പോള്‍ താന്‍ എങ്ങനെയാണ് സ്വര്‍ഗത്തിലേക്ക് യാത്രയാവുക. എന്തെല്ലാം കാര്യങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു.
പ്രഭോ ദേവരാജന്‍, എന്റെ യജമാനന് ചണ്ഡാള പ്രഭുവാണ്. അദ്ദേഹത്തിന്റെ ആജ്ഞ ലഭിക്കാതെ ഞാന്‍ ഒരു സ്വര്‍ഗത്തിലേക്കും വരുന്നില്ല. ദാസനായ ഞാന്‍ അദ്ദേഹത്തിന്റെ ആജ്ഞ ലഭിക്കാതെ എവിടേയ്ക്കെങ്കിലും യാത്രയാകുന്നത് സത്യലംഘനമാകും. ഹരിശ്ചന്ദ്രന്റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കിയത് ധര്‍മദേവനാണ്.
ഹേ, മഹാരാജന്, അങ്ങയുടെ മുമ്പില്‍ യജമാനനായി ചണ്ഡാളപ്രഭുവായി വന്നത് ഞാന്‍ തന്നെയാണ്. ധര്‍മപരിപാലനത്തിനും സത്യ പരീക്ഷണത്തിനും വേണ്ടിയാണ് ഞാന്‍ ചണ്ഡാളവേഷത്തില്‍ വന്നത്. ആ പരീക്ഷണം ഇപ്പോള്‍ പൂര്‍ത്തിയായി. ഇനി നീ എന്റെ ദാസനല്ല, സ്വതന്ത്രനാണ്. വേണ്ടപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് എനിക്കു മാത്രമായി എന്തിനാണ് സ്വര്‍ഗപ്രാപ്തി.
ബ്രാഹ്മണദാസിയായി കഴിയുന്ന തനിക്ക് ഉടന്‍ ബ്രാഹ്മണ മന്ദിരത്തില്‍ സേവാ പ്രവര്‍ത്തനത്തിന് എത്തേണ്ടതുണ്ട് എന്ന് ചന്ദ്രമതിയും ഓര്‍ത്തു. അതു മനസ്സിലാക്കി വിശ്വാമിത്ര മഹര്‍ഷി അവര്‍ക്ക് മറുമപടി നല്കി.
മഹാറാണീ, അവിടുന്ന് വിഷമിക്കേണ്ട, ഞാന്‍ തന്നെയാണ് ബ്രാഹ്മണ വേഷത്തില്‍ വന്ന് റാണിയെ ദാസീഭാവത്തില്‍ സ്വീകരിച്ചത്. അതും സത്യ നിരീക്ഷണത്തിന്റെ ഭാഗം മാത്രം. രാജ്യദാന സ്വീകാര്യവും ദക്ഷിണാപ്രാപ്തിയുമെല്ലാം അതിന്റെ ഭാഗം തന്നെ. യഥാര്‍ഥത്തില്‍ അയോധ്യാധിപതി ഹരിശ്ചന്ദ്ര മഹാരാജന് തന്നെ. ഈ ദാസ്യമെല്ലാം മായമാത്രം. അവിടുന്ന് അയോധ്യയുടെ മഹാറാണി തന്നെയാണ്.
ഇതുകേട്ടതോടെ ബ്രാഹ്മണ ഗേഹത്തിലേക്ക് മടങ്ങാനുള്ള ചന്ദ്രമതിയുടെ തിടുക്കം അവസാനിച്ചു. ഇന്ദ്രദേവന്, ഹരിശ്ചന്ദ്രനോട് വീണ്ടും നിര്‍ദേശിച്ചു. ഹേ, ഹരിശ്ചന്ദ്രന്, നിനക്ക് ഭാര്യാപുത്ര സമേതം സ്വര്‍ഗത്തിലേക്ക് വരാന്‍ ഞങ്ങള്‍ ദേവന്മാരുടെ പ്രത്യേക ക്ഷണമാണ്. നീ ഈ ക്ഷണം ഇക്ഷണം തന്നെ സ്വീകരിച്ചാലും. ആരും ആഗ്രഹിക്കുന്ന സ്വര്‍ഗത്തിലേക്കാണ് ക്ഷണമെന്നോര്‍ക്കുക.
ദേവേന്ദ്രന്റെ ഈ ക്ഷണവും ഹരിശ്ചന്ദ്രനെ തൃപ്തനാക്കിയില്ല. പൂജ്യദേവേന്ദ്ര പ്രഭോ, എന്നെ സേവിച്ചു കഴിഞ്ഞിരുന്ന അനേകം ജനങ്ങള്‍ അയോധ്യയിലുണ്ട്. അവരെയൊക്കെ ഉപേക്ഷിച്ച് ഞാന്‍ സ്വര്‍ഗം പൂകുന്നതെങ്ങനെയാണ്. ഒരിക്കല്‍ ഞാന്‍ അവരെയെല്ലാം ഉപേക്ഷിച്ച് രാജ്യത്തെ വിശ്വാമിത്ര മഹര്‍ഷിക്ക് ദാനം ചെയ്തതാണ്.അവരെ ഉപേക്ഷിച്ച പാപം എന്തെന്ന് തിരിച്ചറിഞ്ഞു.
തുല്യമേദിര്‍ മഹത്പാപം
ഭക്തത്യാഗാദുദാഹൃതം
ഭജന്തം ഭക്തമത്യാജ്യം ത്യജതഃ
സ്യാത് കഥം സുഖം
സ്വന്തം ഭക്തരെ ത്യജിക്കുക, എന്നത് മഹാപാപമാണ്. ബ്രഹ്മഹത്യ, സുരപാനം, ഗോവധം, സ്ത്രീവധം എന്നിത്യാദിപോലെ തന്നെ മഹാപാപമാണ് ഭക്തജനത്യാഗം. അതിനാല്‍ അയോധ്യാവാസികളെ വിട്ട് ഒരു സ്വര്‍ഗത്തിലേക്കും വരാന്‍ എനിക്ക് താല്‍പ്പര്യമില്ല.
അയോധ്യാവാസികളില്‍ പലരും പല തരത്തിലുള്ള കര്‍മ്മങ്ങളല്ലേ ചെയ്തിരിക്കുന്നത്. ദേവേന്ദ്രന് ശങ്കയിലായി. അവരുടെ കര്‍മങ്ങളും കര്‍മ വാസനകളും ബഹുവിധം പുണ്യപാപങ്ങളല്ലേ? അതിനാല്‍ അവര്‍ക്കെല്ലാം ഒരേ പോലെ അങ്ങയോടൊപ്പം സ്വര്‍ഗപ്രാപ്തി എന്നത് എങ്ങനെ പ്രതീക്ഷിക്കാനാവും. മഹാരാജാവ് ചെയ്യുന്ന കര്‍മങ്ങള്‍ ജനങ്ങളുടെ പ്രഭാവത്താലാണ് പൂര്‍ത്തിയാകുന്നത്. ഞാന്‍ ഉപയോഗിച്ചത് ജനങ്ങളുടെ ധനമാണ്. അതിനാല്‍ സ്വര്‍ഗത്തേക്കാള്‍ എനിക്കിഷ്ടം ഈ ജനങ്ങളെ സേവിക്കാനാണ്. അത് ഏത് നരകത്തിലായാലും സ്വര്‍ഗത്തിലായാലും.
ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ കേട്ട ദേവേന്ദ്രന് എന്നാല്‍ അങ്ങനെ തന്നെയാവട്ടെ എന്നു പറഞ്ഞു. അയോധ്യാവാസികളെയെല്ലാം ഞാന്‍ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ്.
ദേവേന്ദ്രന് മറ്റു ദേവന്മാരുമൊത്ത് അയോധ്യാവാസികളെയെല്ലാം വിവരമറിയിച്ചു. ലൗകികമായ കടപ്പാടുകള്‍ ബാക്കിയുള്ളവര്‍ക്കായി അടുത്ത പരമ്പരകള്‍ക്കായി എല്ലാ സ്വത്തുക്കളും വിട്ടു നല്കി ജനങ്ങള്‍ പലരും ഹരിശ്ചന്ദ്രനൊപ്പം സ്വര്‍ഗഗമനത്തിനൊരുങ്ങി. ഹരിഹരിശ്ചന്ദ്രനും രോഹിതനെ അയോധ്യാപതിയായി വാഴിച്ച് ഭാര്യയോടും മറ്റു പൗരജനങ്ങളോടുമൊപ്പം ദേവേന്ദ്രന്റെ കൂടെ സ്വര്‍ഗത്തിലേക്ക് യാത്രയായി. പക്ഷേ ഇവിടെ ചിന്തകള്‍ പലതും ഇനിയും ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: