തലശ്ശേരി: കേളകത്ത് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലെ കമ്പംപാട്ടി ചൈതന്യ എന്ന സൂര്യയെ (25) യാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുണ്ടൂരിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കനത്ത സുരക്ഷയില്‍ അതീവ രഹസ്യമായി തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സൂര്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണി വരെ തലശ്ശേരി സ്റ്റേഷനില്‍ സായുധ സേനയുടെ കനത്ത സുരക്ഷയിലാണ് സൂര്യയെ പാര്‍പ്പിച്ചത്. തുടര്‍ന്ന് കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴും കോടതിക്ക് അകത്തും പുറത്തും വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഗുണ്ടൂരിൽ നിന്നും പിടികൂടിയ സൂര്യയെ ബെംഗളൂരു വഴി നെടുമ്പാശേരിയില്‍ എത്തിക്കുകയും തുടര്‍ന്ന് തലശ്ശേരിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനായി അന്വഷണ സംഘം ഇന്നലെ കോടതിയില്‍ ഹര്‍ജി നല്‍കി. തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉള്‍പ്പെടെയുളള സംഘം ആയുധങ്ങളുമായി കേളകത്തെത്തിയത്. കോളനികളില്‍ നിന്നും ‘ക്ഷണ സാധനങ്ങള്‍ ശേഖരിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഘത്തിലുള്ള മറ്റ് രണ്ട് യുവതികളേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: