നെയ്യാറ്റിൻകര: പിങ്കിയുടെ മരണത്തിന്റെ മനോവിഷമത്തിലാണ് ഒരു ഗ്രാമം. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ ഊരൂട്ടുകാലയിലെ ഓരോ വീട്ടിലെയും വീട്ടുകാരുടെ മനസ്സിൽ കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെട്ട വിഷമമാണ്. അതിനു കാരണവുമുണ്ട്.
നാല് വർഷം മുമ്പ് ഊരൂട്ടുകാലയിൽ ഒരു നായ എത്തി. ദിവസങ്ങൾ കൊണ്ട് തന്നെ ഈ പ്രദേശത്തെ നാട്ടുകാരുമായി പെട്ടെന്നു തന്നെ ഇണങ്ങുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പ്രിയങ്കരിയായ നായയ്‌ക്ക് പിങ്കിയെന്ന പേരുമിട്ടു. പിങ്കിക്ക് ഊരൂട്ടുകാലയിലെ ഏത് വീട്ടിലും ഏതു സമയത്തും പ്രവേശിക്കാം, ഭക്ഷണവും നൽകും. സമയം തെറ്റി വരുന്നവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്ന ഉത്തരവാദിത്തവും പിങ്കി ഏറ്റെടുക്കും.
അപരിചിതരായവർ രാത്രികാലങ്ങളിൽ പ്രവേശിച്ചാൽ ശബ്ദമുയർത്തി പ്രദേശത്തുള്ളവരെ അറിയിക്കുകയും ചെയ്യും. കുട്ടികൾ മുതൽ വൃദ്ധരായവർക്ക് വരെ പ്രിയങ്കരിയാണ് പിങ്കിയെന്ന നായ. പ്രദേശവാസികൾ പുറത്തുപോയി വരുമ്പോൾ അവരുടെ കൈയിൽ ഒരു പൊതി കാണും. അത് പിങ്കിക്കുള്ള ബിസ്‌ക്കറ്റാണ്. ഇത്തരത്തിൽ നാട്ടുകാരുടെ പ്രിയ കൂട്ടുകാരിയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞത്.
കുഴഞ്ഞ് വീണ പിങ്കിയെ നാട്ടുകാർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മരണാനന്തര ചടങ്ങുകളും നടത്തി. തുടർന്ന് ഊരൂട്ടുകാലയിൽ പൊതുദർശനത്തിന് വച്ച ശേഷം പൊതുഗ്രൗണ്ടിൽ മറവ് ചെയ്യുകയായിരുന്നു. തുടർന്ന് അനുശോചനവും പുഷ്പാർച്ചനയും കഴിഞ്ഞാണ് ഏല്ലാവരും വീടുകളിലേക്കു മടങ്ങിയത്. നായയെ കാറിനു പുറകിൽ കെട്ടിവലിച്ച സംസ്ഥാനത്ത് ഊരൂട്ടുകാലയെന്ന പ്രദേശനിവാസികളെ മാതൃകയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: