നെയ്യാറ്റിൻകര: വീട് ഒഴിപ്പിക്കാൻ വരുന്നവർക്ക് മുമ്പിൽ ഇനി രാജനും അമ്പിളിയും വരില്ല. രാജനു പിന്നാലെ അമ്പിളിയും യാത്രയായി. സ്ഥലം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനു പിന്നാലെ വൈകിട്ട് ഭാര്യ അമ്പിളിയും മരിച്ചു. അമ്പിളിയും പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
വീട് ഒഴിപ്പിക്കൽ നടപടിക്കിടെ നെയ്യാറ്റിൻകര അതിയന്നൂർ പോങ്ങിൽ സ്വദേശികളായ ദമ്പതികൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പെട്രോൾ ഒഴിച്ച് ലെറ്റർ കത്തിച്ചു നിന്നതിനിടെ രാജനിൽ നിന്നും ലൈറ്റർ തട്ടിമാറ്റാൻ പോലീസുദ്യോഗസ്ഥൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങിയതോടെ രഞ്ജിത്തും രാഹുലും ഇനി തനിച്ചാണ്. എന്ത് ചെയ്യണമെന്നറിയാതെ തേങ്ങലോടെയാണ് ഇരുവരും നിൽക്കുന്നത്. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്നു മക്കൾ പറഞ്ഞു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് അമ്മയുടെ മരണവാർത്ത മക്കൾ അറിയുന്നത്. ഇരുവരുടെയും മരണവാർത്തയറിഞ്ഞ നിരവധി പേരാണ് വീട്ടിൽ തടിച്ചുകൂടിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: