പത്തനാപുരം: എവിടെപ്പോയി രാഹുല്‍ ? കാണാതായിട്ട് നൂറ്റിമുപ്പത് ദിവസത്തിലേറെയായിട്ടും ഇപ്പോഴും ദുരൂഹതകള്‍ മാത്രം ബാക്കി. വിദ്യാര്‍ഥിയുടെ തിരോധാനത്തിന്റെ ഞെട്ടലിലാണ് കടശ്ശേരിയിലെ ഗ്രാമവാസികള്‍. പത്തനാപുരം സിഐ രാജീവിനെ സ്ഥലംമാറ്റിയതോടെ അന്വേഷണവും നിലച്ചു. മേല്‍നോട്ടം വഹിച്ചിരുന്ന റൂറല്‍ എസ്പി ഹരിശങ്കറിന്റെ സ്ഥലംമാറ്റവും അന്വേഷണത്തെ കാര്യമായി ബാധിച്ചു. നാലുമാസമായി കാണാതായ മകനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നിവേദനം നല്‍കിയെങ്കിലും തുടര്‍ നടപടി നീളുകയാണ്.
പത്തനാപുരം കടശ്ശേരി മുക്കലംപാട് ലതിക വിലാസത്തില്‍ രവീന്ദ്രന്-ലതിക ദമ്പതികളുടെ ഇളയമകനായ രാഹുലി(17)നെ ആഗസ്റ്റ് 19ന് രാത്രി മുതലാണ് കാണാതാകുന്നത്. വീടിന് ചുറ്റുമുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വീട്ടില്‍ ഉറങ്ങികിടന്ന വിദ്യാര്‍ഥി എവിടെപ്പോയന്നതിനെപ്പറ്റി യാതൊരു സൂചനകളും നാളിതുവരെയായിട്ടും ലഭിച്ചട്ടില്ല. പോലീസിന്റെയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നിരവധി തവണയാണ് തിരച്ചില്‍ നടത്തിയത്.
പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വീടിന് സമീപത്തായുള്ള ഷെഡ്ഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുളളത്. ഇരുപതാം തീയതി രാവിലെ മാതാവ് വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന് വിവരം അറിയുന്നത്.
മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിനെ കാണാതാകുന്ന സമയത്ത് ചെരുപ്പും ഷര്‍ട്ടും ധരിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: