തിരുവനന്തപുരം: നാളെ കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയില്‍ തൊഴിലാളികളുടെ വികാരം കെഎസ്ടി എംപ്ലോയീസ് സംഘിന് അനുകൂലമായിരിക്കുമെന്ന് ബിഎംഎസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റുമായ ജി.കെ അജിത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ ജീവനക്കാരുടെ വോട്ട് അഭ്യര്‍ത്ഥിക്കവെ അഭിപ്രായപെട്ടു.
കോര്‍പ്പറേഷനെ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള ആസൂത്രിത നീക്കം നടക്കുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും 80 മുതല്‍ 95 ശതമാനം വരെ റൂട്ടുകള്‍ ലാഭനഷ്ടം നോക്കാതെ സേവനമേഖലയില്‍ പൊതുഗതാഗതം നടപ്പാക്കുമ്പോഴാണ് കേരളത്തില്‍ ഈ ദുരവസ്ഥ. നഷ്ടക്കണക്ക് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങള്‍ തടഞ്ഞു വയ്ക്കുകയും ശമ്പളം പോലും മുടക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ പ്രീണനമില്ലാത്ത ഒരു ദേശീയ സംഘടനയ്ക്ക് മാത്രമേ ഇനി കെഎസ്ആര്‍ടിസിയുടെ ദുസ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാവൂ. ഗതാഗത മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ അനുവദിപ്പിക്കാനും അവ സമയബന്ധിതമായി സംസ്ഥാനത്ത് നടപ്പാക്കാനും ബിഎംഎസ്സിന് കഴിയുമെന്ന് അജിത് പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജില്‍ കെഎസ്ആര്‍ടിസിയുടെ ഓഹരി വില്‍ക്കാനും സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനുള്ള നീക്കം ഈ സ്ഥാപനത്തെ സ്വകാര്യ വത്കരിക്കുന്നതിനുള്ള ഇടതു സര്‍ക്കാരിന്റെ അസൂത്രിത പദ്ധതിയാണ്. ഇത് ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ എന്നും ജി.കെ. അജിത് പറഞ്ഞു. ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജയകുമാര്‍ എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാര്‍ സംസ്ഥാന സെക്രട്ടറി പ്രദീപ് വി, ഗോപകല, അഭിലാഷ്, വെസ്റ്റ് ജില്ലാ സെക്രട്ടറി എസ്.വി.ഷാജി, ജയമോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: