മലപ്പുറം: കേരള പര്യടന പരിപാടിക്കിടെ ചോദ്യം ചോദിച്ച ഓര്‍ത്തഡോക്സ് സഭാ പ്രതിനിധിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. യോഗത്തിന് ശേഷം ഹാളിന് പുറത്തുവെച്ച് പ്രതിഷേധമറിയിച്ച പ്രതിനിധിയെ സംഘാടകര്‍ ഇടപെട്ട് അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യന് താഴയിലിന്റെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ പള്ളി തര്‍ക്കം, ജാതി-മത ഭേദമില്ലാതെ എല്ലാവര്ക്കും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫാ.തോമസ് കുര്യന് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടതല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്. പള്ളി തര്‍ക്കത്തില്‍ പരിഹാരത്തിനായി കഴിയുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്തു എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംവരണ വിഷയത്തില്‍ സഭ പോലും ഉന്നയിക്കാത്ത കാര്യം ആണ് വൈദികന് ആവശ്യപ്പെടുന്നതെന്നും ഇത് സംഘപരിവാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം ആണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പറയുന്നതിനിടെ വീണ്ടും വിശദീകരിക്കാന്‍ ശ്രമിച്ച വൈദികന് രൂക്ഷമായ ശൈലിയിലാണ് പിണറായി മറുപടി നല്‍കിയത്.
‘രണ്ട് കാര്യങ്ങളാണ് ഞാന്‍ സംവാദത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്നവും. ഇതില്‍ രണ്ടിലും അദ്ദേഹം നല്കിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു’. യോഗത്തിന് ശേഷം ഫാ.തോമസ് കുര്യന് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അപമാനിച്ചതായി തോന്നിയോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴേക്കും സംഘാടകര്‍ ഇടപെട്ട് അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടുപോകുകയായിരുന്നു.
തെരഞ്ഞെടുത്ത ഇരുപതോളം പേര് ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്എന്‍ഡിപി അടക്കം വിവിധ സംഘടനകളില്‍ നിന്നുള്ളവരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉണ്ടായിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചത് മുസ്ലിം മത നേതാക്കള്‍ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: