കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയാ സൗകര്യം പുതുവര്‍ഷ ആരംഭത്തില്‍ തുടങ്ങും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ 24 ലക്ഷം രൂപയ്ക്കാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ആവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
പുതിയ ഓപ്പറേഷന് തീയേറ്ററില്‍ അനുബന്ധ ഉപകരണങ്ങള്‍കൂടി ലഭ്യമാക്കേണ്ടതുണ്ട്. ഇതുകൂടി സജ്ജമാക്കിയാല്‍ ഉടന്‍തന്നെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് തുടക്കമിടാന്‍ കഴിയും. സര്‍ജറി വിഭാഗത്തിലെ ഡോ.വി.വിനുവിനാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയാ സംവിധാനങ്ങളുടെ ചുമതല. സ്വകാര്യ ആശുപത്രികളില്‍ രണ്ടുലക്ഷം രൂപവരെ ചെലവ് വരുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ സൗജന്യ നിരക്കില്‍ നടത്താവുന്ന വിധമാണ് താലൂക്ക് ആശുപത്രിയില്‍ ക്രമീകരിക്കുന്നത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പെടുത്തുന്ന ജില്ലയിലെ ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കര. സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകള്‍ ഇനി താക്കോല്‍ദ്വാര സംവിധാനങ്ങളിലേക്ക് മാറും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ഉടന്‍തന്നെയോ അടുത്ത ദിവസമോ വീടുകളിലേക്ക് പോകാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: