ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ നിയമസഭ ചേരാന്‍ തിടുക്കം കൂട്ടുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം ചര്‍ച്ചയാവുന്നു. പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തട്ടിപ്പാണെന്നാണ് വ്യക്തമാകുന്നത്. സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ താങ്ങുവില പ്രഖ്യാപിച്ചത് കര്‍ഷകരെ കബളിപ്പിച്ചതിനു തുല്യമായെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് വ്യാപകമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പലതും താങ്ങുവിലയേക്കാള്‍ താഴ്ത്തി വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കേരളപിറവി ദിനത്തിലാണ് പതിനാറ് ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില നിലവില്‍ വന്നത്.
വാഴ കര്‍ഷകരാണ് സര്‍ക്കാരിന്റെ താങ്ങുവിലയില്‍ ഏറെയും കബളിപ്പിക്കപ്പെട്ടത്. ഉത്പാദനം കൂടിയതോടെ വിളവിന് ഉത്പാദന ചെലവ് പോലും ലഭിക്കാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഏത്തന്, ഞാലിപ്പൂവന് ഉള്‍പ്പെടെ കൃഷി ചെയ്തിട്ടും മുടക്കുമുതല്‍ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഏത്തക്കയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വില കിലോയ്ക്ക് 30 രൂപയാണ്. എന്നാല്‍ വിഎഫ്പിസികെ വിപണിയില്‍ പോലും 20നും 25നും ഇടയിലുള്ള വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണ്.
പാളയന്കോടന് വാഴക്കുലകള്‍ക്കാണ് ഏറ്റവും വിലത്തകര്‍ച്ച, കിലോയ്ക്കു 10 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. ഞാലിപ്പൂവന് കിലോയ്ക്ക് 60 മുതല്‍ 70 വരെ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയ്ക്കു താഴെയാണ് വില ലഭിക്കുന്നത്. വിപണിയില്‍ ആവശ്യത്തിലേറെ കുലകളാണ് എത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് ധാരാളമായി കായ്കള്‍ എത്തുന്നതും വിലത്തകര്‍ച്ചയ്ക്കു കാരണമാകുന്നു.
പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വില കുറച്ചാണ് വില്‍പ്പന. പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് സംഭരിച്ചു വില്ക്കാന് കഴിയില്ലെന്നാണ് വിഎഫ്പിസികെ അധികൃതര്‍ പറയുന്നത്. സംഭരണ സംവിധാനവും സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനവും ഇല്ലാത്തതാണ് പ്രതിസന്ധി.
നേന്ത്രപ്പഴം-വയനാടന്‍ നേന്ത്രപ്പഴം (30-24 രൂപ), ഉരുളക്കിഴങ്ങ് (20), കാരറ്റ് (21), കപ്പ (12), വെണ്ട (20), കുമ്പളങ്ങ (9), പാവയ്ക്ക (30), തക്കാളി (8), കൈതച്ചക്ക (15), വെളുത്തുള്ളി (139), പടവലം (30), വെള്ളരി (8), കാബേജ് (11), ബീറ്റ്റൂട്ട് (21), ബീന്‍സ് (28), പയര്‍ (34) എന്നിങ്ങനെയാണ് താങ്ങുവില. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നവയാണ്. ഇവ ധാരാളമായി ഇവിടേക്ക് എത്തുന്നതിനാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നവ വളരെ കുറഞ്ഞ വിലയ്ക്ക് വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.
നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കാതെ സംസ്ഥാനം
ആലപ്പുഴ: നെല്ലിന്റെ സംഭരണവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി കൂട്ടാതെ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ നെല്ലു സംഭരണവില കിലോയ്ക്ക് 27.48 രൂപയാണ്. നാലു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില അഞ്ചു രൂപ വരെ വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാലത്തിനിടെ 80 പൈസ മാത്രമാണ് കൂട്ടിയത്. 2020-21 സീസണില്‍ കേന്ദ്ര സംഭരണവില 18.68 രൂപയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 8.80 രൂപ മാത്രമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: