കൊച്ചി: കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കി പൊതുഗതാഗത സംവിധാനം ശാശ്വതമായി ശക്തിപ്പെടുത്തണമെന്ന് ബിഎംഎസ് 19-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി മാറി മാറി ഭരിച്ച സര്‍ക്കാരുടെ നയവൈകല്യങ്ങള്‍ കാരണം സ്ഥാപനം ഇന്ന് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ ഞഠഇ കള്‍ക്ക് ബജറ്റില്‍ പണം വകയിരുത്തി ബസ് വാങ്ങി നല്കി 85 ശതമാനത്തിലധികം റൂട്ടുകളിലും സര്‍വ്വീസ് നടത്തുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി, ബസ് വാങ്ങാനും ആസൂത്രണമില്ലാതെ ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിയാനും വായ്പയെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ധനവിനിയോഗത്തില്‍ കൃത്യതയില്ലാത്തതും സ്ഥിരതയാര്‍ന്ന മാനേജ്മെന്റ് സംവിധാനത്തിന്റെ അഭാവവും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാഴ്ത്തി. സര്‍വ്വീസുകള്‍ 15 ശതമാനമായി ചുരുക്കി കെഎസ്ആര്‍ടിസിയെ പൊതുഗതാഗത രംഗത്ത് നിന്ന് അപ്രത്യക്ഷമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സേവനമേഖലയിലെ സ്ഥാപനമെന്ന നിലയ്ക്ക്, ലാഭനഷ്ട കണക്കുകള്‍ക്കപ്പുറം വിപുലമായി സര്‍വ്വീസുകള്‍ നടത്തി കെഎസ്ആര്‍ടിസിയുടെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം ഈ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ് ചെയ്യുന്നത്.
കേരളത്തിലെ +2 വരെയുള്ള, എട്ടേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെ സൗജന്യമായി വിദ്യാലയങ്ങളിലെത്തിച്ചിരുന്നത് കെഎസ്ആര്‍ടിസിയുടെ സേവനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദുരന്തമുഖങ്ങളിലെല്ലാം സര്‍ക്കാരിന്റെ ഭാഗമായി നിസ്തൂല സേവനമനുഷ്ഠിച്ചത് ലാഭേച്ഛ ഇല്ലാതെയായിരുന്നു. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേയ്ക്കും ജനങ്ങള്‍ ഇന്നും വിശ്വാസപൂര്‍വ്വം ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസി സര്‍വ്വീസുകളെയാണ്. ഈ മഹാമാരിക്കാലത്തും സ്വകാര്യ വാഹനങ്ങള്‍ ഇരട്ടി ചാര്ജ്ജിനുവേണ്ടി സമരം ചെയ്തപ്പോള്‍ നിശബ്ദമായി കേരള ജനതയ്ക്കുവേണ്ടി സര്‍വ്വീസ് നടത്തിയത് കെഎസ്ആര്‍ടിസി മാത്രമാണ്.
കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമാണ്. അതിനാല്‍ തന്നെ പൊതുവിദ്യാഭ്യാസത്തിനും, പൊതുജനാരോഗ്യത്തിനും നല്കുന്ന അതേ പ്രാധാന്യത്തോടെ ഒരു പൊതുഗതാഗത നയം രൂപീകരിക്കേണ്ടത് ഒരു ജനകീയ സര്‍ക്കാരിന്റെ കടമയാണ്. ജനനന്മ കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആകെ റൂട്ടുകളുടെ 85 ശതമാനത്തിലധികം ദേശസാല്കൃതമാക്കി, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ വകുപ്പായി കെഎസ്ആര്‍ടിസി യെ മാറ്റണം. ലോകമെമ്പാടും, പൊതുഗതാഗതത്തിന്റെ വളര്‍ച്ച വികസനസൂചികയായി മാറുമ്പോള്‍ കോര്‍പ്പറേഷനെ പൊതുസമൂഹത്തില്‍ നിന്ന് ഒഴിവാക്കുന്ന നയസമീപനം മാറണം.ബിഎംഎസ് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: