കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ മതമേലധ്യക്ഷന്മാരെയും വ്യവസായികളെയും ഉള്‍പ്പെടുത്തി കണ്ണൂരില്‍ ചര്‍ച്ച. ബര്‍ണ്ണശ്ശേരി നായനാര്‍ അക്കാദമിയില്‍ ചേര്‍ന്ന പരിപാടിയില്‍ മാധ്യമങ്ങളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കാണുന്നതിന് മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കിയത്. ഇതില്‍ തന്നെ മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയാണ് പ്രധാനമായും പരാമര്‍ശിച്ചത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ സ്വാഗത ഭാഷണവും മുഖ്യമന്ത്രിയുടെ ആമുഖ ഭാഷണവും കേള്‍ക്കാന്‍ പോലും മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയില്ല. പതിനാലു ജില്ലകളിലും മുഖ്യമന്ത്രി നേരിട്ട് യാത്ര ചെയ്ത് എല്ലാ വിഭാഗങ്ങളില്‍ പെട്ടവരുമായി സംവദിച്ച് വികസന രേഖ തയാറാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചില്ല.
തികച്ചും രഹസ്യമായി നടത്തിയ പരിപാടിയില്‍ നഗരത്തിലെ വ്യവസായികളും ഏതാനും മതമേലധ്യക്ഷന്മാരും മാത്രമാണുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ അനുവാദമില്ലെന്നും വാര്‍ത്ത പിന്നീട് റിലീസായി നല്‍കുമെന്നുമാണ് സംഘാടകര്‍ പ്രതികരിച്ചത്. എന്നാല്‍ പരിപാടിയുടെ രഹസ്യ സ്വഭാവമെന്താണെന്ന് ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല.
മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ടി.വി. രാജേഷ് എംഎല്‍എ, പി.കെ. ശ്രീമതി, കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല, കണ്ണൂരിലെ വ്യവസായികള്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: