മെല്‍ബണ്‍: ജസ്പ്രീത് ബുംറയുടെ പേസും രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്നും ഓസ്ട്രേലിയന്‍ ബാറ്റിങ്ങ് നിരയെ പിഴുതെറിഞ്ഞു. ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ആതിഥേയര്‍ കേവലം 195 റണ്‍സിന് ബാറ്റ് താഴ്ത്തി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷട്ത്തില്‍ 36 റണ്‍സ് എടുത്തു. അരങ്ങേറ്റക്കാരനായ ഗുഭ്മാന്‍ ഗില്ലും (28) ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും (7) കീഴടങ്ങാതെ നില്ക്കുന്നു. പൂജ്യം റണ്‍സുമായി ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് പുറത്തായത്.
തുടക്കം മുതല്‍ ഓസീസ് ബാറ്റിങ് നിരയെ വിറപ്പിച്ച ജസ്പ്രീത് ബുംറ പതിനാറ് ഓവറില്‍ 56 റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. അശ്വിന്റെ തിരിയുന്ന പന്തുകളില്‍ മൂന്ന് ബാറ്റ്സ്മാന്മാര് കറങ്ങി വീണു. 24 ഓവറുകളില്‍ 35 റണ്‍സാണ് വിട്ടുകൊടുത്തത്. അരങ്ങേറ്റം കുറിച്ച പേസര്‍ മുഹമ്മദ് സിറാജും മോശമായില്ല. പതിനഞ്ച് ഓവറുകളില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തി.
ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന്റെ തുടക്കം മോശമായി. പത്ത് റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍ ജോ ബേണ്‍സ് പൂജ്യത്തിന് പുറത്തായി. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പന്ത് ക്യാച്ചെടുത്തു. ബേണ്‍സിന് പിന്നാലെ മാത്യു വേഡും മടങ്ങി. അശ്വിന്റെ പന്തില്‍ ജഡേജ പിടികൂടി. 59 പന്ത് നേരിട്ട വേഡ് മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 30 റണ്‍സ് എടുത്തു. തുടര്‍ന്നെത്തിയ മുന്‍ നായകന് സ്മിത്ത് വന്നത്പോലെ മടങ്ങി. സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് അശ്വിന്റെ പന്തില്‍ പൂജാര പിടികൂടി.
ട്രാവിസ് ഹെഡും മാര്‍നസ് ലാബുഷെയ്നും ഒത്തുചേര്‍ന്നതോടെ ഓസീസ് സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് കയറാന്‍ തുടങ്ങി. പക്ഷെ ഹെഡിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് തകര്‍ത്തു. നാലാം വിക്കറ്റില്‍ ഇവര്‍ 86 റണ്‍സ് നേടി. ഹെഡ് 92 പന്തില്‍ 38 റണ്‍സ് എടുത്തു. പിന്നീട് ലാബുഷെയ്നും മടങ്ങിയതോടെ ഓസീസിന്റെ വന്‍ സ്കോര്‍ എന്ന സ്വപ്നം തകര്‍ന്നു. അരങ്ങേറ്റക്കാരനായ മുഹമ്മദ് സിറാജാണ് ലാബുഷെയ്നെ മടക്കിയത്. മറ്റൊരു അരങ്ങേറ്റക്കാരനായ ഗുഭ്മാന്‍ ഗില്‍ ക്യാച്ചെടുത്തു. 132 പന്തില്‍ നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 48 റണ്‍സ് എടുത്ത ലാബുഷെയ്നാണ് ഓസീസിന്റെ ടോപ്പ് സ്കോറര്‍.
ക്യാപ്റ്റന്‍ ടിം പെയ്നും പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സ് കുറിച്ച പെയ്നെ അശ്വിന്റെ ബൗളിങ്ങില്‍ വിഹാരി പിടികൂടി. അടിച്ചുകളിച്ച ലിയോണ്‍ 17 പന്തില്‍ 2 ഫോറും ഒരു സിക്സറും അടക്കം 20 റണ്‍സ് എടുത്തു.
ആദ്യ ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ മെല്‍ബണിലും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പേ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കിറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ പൂജാരക്കൊപ്പം ശുഭ്മാന്‍ ഗില്‍ പൊരുതിനിന്നു. 38 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 28 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അരങ്ങേറ്റക്കാരായ മുഹമ്മദ് സിറാജിനെയും ഗുഭ്മാന്‍ ഗില്ലിനെയും ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ, ഒന്നാം ഇന്നിങ്സ്: ജോ ബേണ്‍സ് സി ഋഷഭ് പന്ത് ബി ബുംറ 0, മാത്യു വേഡ് സി ജഡേജ ബി അശ്വിന് 30, മാര്‍നസ് ലാബുഷെയ്ന് സി ശുഭ്മാന്‍ ഗില്‍ ബി മുഹമ്മദ് സിറാജ് 48, സ്റ്റീവ് സ്മിത്ത് സി പൂജാര ബി അശ്വിന് 0, ട്രാവിസ് ഹെഡ് സി രഹാനെ ബി ബുംറ 38, കാമറൂണ്‍ ഗ്രീന്‍ എല്‍ബിബ്ല്യു ബി സിറാജ് 12, ടിം പെയ്ന് സി വഹാരി ബി അശ്വിന് 13, പാറ്റ് കമ്മിന്‍സ് സി മുഹമ്മദ് സിറാജ് ബി ജഡേജ 9, മിച്ചല്‍ സ്റ്റാര്്ക് സി മുഹമ്മദ് സിറാജ് ബി ബുംറ 7, നഥാന്‍ ലിയോണ്‍ എല്‍ബിഡബ്ല്യു ബി ബുംറ 20, ജോഷ് ഹെയ്സല്‍വുഡ് നോട്ടൗട്ട് 4, എക്സ്ട്രാസ് 14, ആകെ 195.
വിക്കറ്റ് വീഴ്ച: 1-10, 2-35, 3-38, 4-124, 5-134, 6-155, 7-155, 8-164, 9-191.
ബൗളിങ്: ജസ്പ്രീത് ബുംറ 16-4-55-4, ഉമേഷ് യാദവ് 12-2-39-0, ആര്. അശ്വിന് 24-7-35-3, രവീന്ദ്ര ജഡേജ, 5.3-1-15-1, മുഹമ്മദ് സിറാജ് 15-4-40-2.
ഇന്ത്യ ഒന്നാം ഇന്നിങ്സ്: മായങ്ക് അഗര്‍വാള്‍ എല്‍ബിഡബ്ല്യു ബി സ്റ്റാര്‍ക്ക് 0, ശുഭ്മന്‍ ഗില്‍ നോട്ടൗട്ട് 28, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 7, എക്സ്ട്രാസ് 1 ആകെ ഒരു വിക്കറ്റിന് 36.
വിക്കറ്റ് വീഴ്ച: 1-0
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 4-2-14-1, പാറ്റ് കമ്മിന്‍സ് 4-1-14-0, ജോഷ് ഹെയ്സല്‍വുഡ് 2-0-2-0, നാഥന് ലിയോണ്‍ 1-0-6-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: