അടിയന്തര നിയമസഭാസമ്മേളനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. പ്രത്യേകിച്ച് ഇടതന്മാര് അധികാരത്തിലിരിക്കുമ്പോള്‍. വേറെങ്ങും പാര്‍ട്ടിയും ഭരണമില്ലാത്തതുകൊണ്ട് ലോകത്തുള്ള എല്ലാ വിഷയങ്ങളിലും കയറി ഇടപെട്ടുകളയും വിജയനും പാര്‍ട്ടിക്കാരും. സദ്ദാംഹുസൈനെ തൂക്കിക്കൊന്നാല്‍, കുര്‍ദുകള്‍ക്കെതിരെ വെടിവെയ്പുണ്ടായില്, പലസ്ഥീനില്‍ കുഴിബോംബ് പൊട്ടിയാല്‍, ആമസോണ്‍ കാട്ടില്‍ കാട്ടുതീ പടര്‍ന്നാല്‍….. വിജയനും പാര്‍ട്ടിക്കും ത്വര കേറും. രണ്ട് കാര്യത്തിനാണ് ഈ ത്വര. ഒന്ന് സമ്മേളനം കൂടണം, പ്രമേയം പാസാക്കണം. രണ്ടാമത്തേത് ചുമന്ന ബക്കറ്റുമായി നാട് തെണ്ടി പത്ത് പണമുണ്ടാക്കണം, അതിന്റെ മറവില്‍ അകത്തിരിക്കുന്നതൊക്കെ വെളുപ്പിച്ചെടുക്കണം. ഓഖി, പ്രളയം, കോവിഡ്..ദുരന്തം എന്തുമാകട്ടെ സഹായധനം പിരിച്ചെടുക്കുക വിജയന്റെ പാര്‍ട്ടിക്കൊരു ഹരമാണ്.
ദല്‍ഹിയിലെ കര്ഷകബ്രോക്കര്മാര് നയിക്കുന്ന ‘കര്‍ഷകസമരം’ മാസമൊന്ന് പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരിന് അനക്കമില്ല. കൃഷി ചെയ്യുന്നവരൊക്കെ സംഭവം ഉഡായിപ്പാണെന്ന് തിരിച്ചറിഞ്ഞ് പാടത്ത് പണിക്കുപോയി. ബ്രോക്കര്‍മാര്‍ ബാക്കിയാണ്. അവര്‍ക്ക് പുറത്ത് രാഷ്ട്രീയബ്രോക്കര്മാരുടെ തള്ള് വേറെയും. ഇത്രകാലം തള്ളിക്കയറ്റാന്‍ നോക്കിയിട്ടും സമരത്തിന്റെ ഏഴയലത്ത് വിജയന്റെയും ചെന്നിത്തലയുടെയും പാര്‍ട്ടിക്കാരെ സമരക്കാര്‍ അടുപ്പിച്ചിട്ടില്ല. കേന്ദ്രം നടത്തിയ ചര്‍ച്ചകളില്‍ പോലും രണ്ടിനെയും വിളിക്കാറില്ല. വെറുതെ ദല്‍ഹിയിലെ തണുപ്പത്ത് കയിലും കുത്തിനടക്കുന്നതല്ലാതെ ഒരു മെച്ചവുമില്ല. അപ്പോള്‍പിന്നെ അടിയന്തരസമ്മേളനം വിളിക്കാമെന്നായി വിജയണ്ണന്. സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിച്ചാല്‍ മോദി പേടിക്കും. വിജയണ്ണനെ വിളിച്ച് മാപ്പ് പറയും. വിജയണ്ണനെ മാത്രം പേടിച്ചാല്‍ പോരാ ചെന്നിത്തല രമേശന് നായരെയും പേടിക്കണം. മോദിയെ പേടിപ്പിക്കാന്‍ പോകുന്ന കാര്യത്തില്‍ എന്നും രമേശന് നായര്‍ വിജയണ്ണന് തൊമ്മിയാണ്. വിധേയനാണെന്ന് സാരം.
വിജയന് ഭാസ്കരപട്ടേലര്‍ കളിച്ചതുകൊണ്ടാണ് രമേശന്‍നായര്‍ കുടുംബം കുളംതോണ്ടിയാലും വേണ്ടില്ല വോട്ടത്രയും അരിവാള്‍ ചുറ്റികയ്ക്ക് കുത്താന്‍ പണിയെടുത്തത്. മോദി വിരളുമെങ്കില് നായര്‍ക്ക് അതില്‍പ്പരം ആനന്ദം വേറെ വേണോ? ഇതിന് മുമ്പും നായരുടെ പാര്‍ട്ടിയും വിജയണ്ണന്റെ പാര്‍ട്ടിയും അടിയന്തരം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അബ്ദുള്‍നാസര്‍ മദനിക്ക് വേണ്ടിയായിരുന്നു കിണ്ണം കാച്ചിയ അടിയന്തരമൊന്ന് മുമ്പ് നടന്നത്. അത് കണ്ട് കോടതിപോലും പേടിച്ചു.
സിഎഎ ആയിരുന്നു മുന്തിയ മറ്റൊരു അടിയന്തരം. വിജയണ്ണന്റെ പാര്‍ട്ടിക്ക് ഒരു ഗുണമുള്ളത് നിയമസഭ മുതല്‍ മുതലക്കുളം ബ്രാഞ്ച് കമ്മറ്റിവരെ ഒരുമിച്ച് അടിയന്തരം വിളിച്ചുചേര്ത്തുകളയും. അതിപ്പം അല്ക്കാപുല്ക്കോയില് വിമാനം മറിഞ്ഞാലും ഫിലാഡല്‍ഫിയയില്‍ മഴപെയ്താലും സഖാക്കള്‍ ഉഷാറാണ്. കര്ഷകസമരമില്ലാത്ത കേരളത്തിലിരുന്നാണ് ദല്‍ഹിയിലെ കര്‍ഷകസമരത്തിനായി അടിയന്തരം കൂടാന്‍ വിജയണ്ണനും വിധേയന് ചെന്നിത്തലയും കൂടി തീരുമാനിച്ചത്. പണ്ടത്തേത് പോലെ ആരോടും പറയാതെ കൂടാന്‍ പറ്റുന്ന ഇനമല്ല സമ്മേളനമെന്ന് ഇപ്പോഴാണ് വിജയന് മനസ്സിലാകുന്നത്. ആരുടെ അടിയന്തരത്തിനാ ഇപ്പോള്‍ ധൃതിപിടിച്ച് ഈ സമ്മേളനമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഒറ്റച്ചോദ്യത്തില്‍ കഥ കഴിഞ്ഞു. പോയി അവനോന്റെ പണി നോക്കാന്‍ ഗവര്‍ണര്‍ നല്ല സംസ്കൃതത്തില്‍ വെടിപ്പായി വിളിച്ചു പറഞ്ഞു.
പൂച്ച മീന്വെട്ടുന്നിടത്ത് ഇരുന്നാല്‍ മതി, പൊന്നുരുക്കുന്നിടത്തേക്ക് എത്തിനോക്കരുതെന്ന് സാരം. സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ മുഖത്ത് നോക്കി ‘പരിഭാഷ കൊണ്ടുവാടാ’ എന്ന് പച്ചമലയാളത്തില്‍ എഴുതി നല്കിയ കടലാസും കൈയില്‍ വെച്ച് ആക്രോശിച്ചവന്മാരുടെ മൂത്തതങ്ങളാണല്ലോ നിയമസഭയില്‍ നിറഞ്ഞുകുത്തികിടക്കുന്നത്. അപ്പോള്‍പിന്നെ ഗവര്‍ണര്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാകില്ല. അവനോന്റെ പണി ചെയ്ത് തട്ടിപ്പോയാലും സാരമില്ല, വല്ലോന്റേം പണിയെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സാമാന്യ മലയാളത്തില്‍ അത് പറയാം. സംഗതി ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനോട് പറയുമ്പോള്‍ അത്രേം അര്‍ത്ഥമാക്കിയാല്‍ മതി. ഇത് എങ്ങാനും പണ്ട് ഭഗവാന് കൃഷ്ണന് അര്ജുനനോട് പറഞ്ഞതാണെന്ന് വിജയന്റെ പാര്ട്ടിക്കാര് അറിയാതിരിക്കുന്നതാണ് നല്ലത്. അറിഞ്ഞാല്‍പ്പിന്നെ അത് മതി, ഗവര്‍ണര്‍ വര്‍ഗീയവാദിയാണെന്ന് പറഞ്ഞ് അടുത്ത അടിയന്തരത്തിനൊരുങ്ങാന്.
ഇത്രയൊക്കെയായിട്ടും മതിയാകാതെ പിന്നേം അടിയന്തരസമ്മേളനത്തിനെന്നും പറഞ്ഞു രാഷ്ട്രീയകോലാഹലത്തിന് തയ്യാറാവുകയാണ് വിജയന്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ കേരളത്തിന്റെ ജനവികാരമറിയിക്കാനാണ് പോലും വിജയന് പ്രമേയത്തിനൊരുങ്ങിയത്. വിജയന്റെ പ്രമേയം കേരളത്തിലെ ജനവികാരമാണെന്ന് പരിഗണിച്ചാല്‍ കേന്ദ്രത്തിന്റെ നിയമം രാജ്യത്തെ ആകെ ജനങ്ങളുടെ വികാരമാണെന്ന് ഈ അടിയന്തരന്മാര് സമ്മതിക്കണം. കേരളം വേറെ രാജ്യമാണെന്നും വിജയന് അവിടുത്തെ രാജാവാണെന്നും ധാരണയുണ്ടെങ്കില്‍ നെഞ്ചുംവിരിച്ച് അത് പറയണം. അപ്പോള്‍പ്പിന്നെ അടിയന്തരത്തിനേ സമയമുണ്ടാകുള്ളൂ… അല്ലെങ്കില്‍ രാജ്യത്തെയാകെ ജനങ്ങളുടെ വികാരത്തിനെതിരെ ഒരു സംസ്ഥാനസര്‍ക്കാര്‍ ഈ നാടകത്തിനിറങ്ങിത്തിരിക്കുന്നതെന്തിന് എന്ന് ഗവര്‍ണറോട് വ്യക്തമാക്കണം. ഇതിനൊന്നും തയ്യാറാകാതെ വിജയനും വിധേയനും കൂടി കത്തെഴുതിക്കളിക്കരുത്.
അസാധാരണസാഹചര്യത്തിലെ അസാധാരണനടപടികളാണ് ഇതൊക്കെ എന്ന് ഇപ്പോള്‍ മലയാളിക്കറിയാം. ഭരണഘടനാവിദഗ്ധനും അങ്ങേയറ്റം ബഹുമാന്യനുമായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അവകാശം ഗവര്‍ണര്‍ കവര്‍ന്നു എന്നൊക്കെയാണ് വാദം. ശ്രീരാമകൃഷ്ണന് തന്നെ അസാധാരണനും സ്വപ്നസമാനനുമാണെന്ന് നാട്ടുകാര്‍ മൊത്തം അറിഞ്ഞ നിലയ്ക്ക് എന്ത് അവകാശം എന്ന് മറ്റൊരു ചോദ്യം ഉയരാനുള്ള സാഹചര്യവും നിലവിലുണ്ടെന്ന് വിജയനും വിധേയനും അറിയുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: