ചില കാലഘട്ടം അങ്ങനെയാണ്, നഷ്ടങ്ങളുടെ ത്രാസ് അല്‍പ്പം താഴ്ന്നു നില്ക്കും. കായിക മേഖലയില്‍ പോയ വര്‍ഷത്തെ കണക്കെടുക്കുന്നത് നഷ്ടപ്പെട്ട സുന്ദര നിമിഷങ്ങളെ എണ്ണിതിട്ടപ്പെടുത്തുന്നതിന് തുല്യം. കായിക ഭൂപടത്തില്‍ വിവിധ മേഖലകളില്‍ മായിക്കാനാഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നല്‍കിയാണ് 2020 കടന്നു പോകുന്നത്.
ആദ്യ മൂന്ന് മാസങ്ങള്‍ക്കു ശേഷം 2020 നിശബ്ദമായിരുന്നു. കൊറോണയുണ്ടാക്കിയ ആ നിശബ്ദത കായിക വിനോദങ്ങളെയും വിഴുങ്ങിക്കളഞ്ഞു. ഏപ്രില്‍ മുതല്‍ ആറ് മാസത്തോളം നിശ്ചലം. ആഘോഷിക്കേണ്ടിയിരുന്ന പല കായിക മാമാങ്കങ്ങളും മാറ്റിവച്ചു. ആളും ആരവവുമില്ലാതെ കളിക്കളങ്ങള്‍ ഉറങ്ങി. കൊറോണ മാഹാമാരിയില്‍ തളച്ചിടപ്പെട്ട പ്രതിഭാശാലികളും അസുലഭ മുഹൂര്‍ത്തങ്ങളും വരും വര്‍ഷത്തില്‍ തിരികെയെത്തട്ടേയെന്ന് ആശിക്കാം.
ഡീഗോ മറഡോണയുടെ വിയോഗമാണ് 2020ല്‍ കായിക മേഖലയെ ഏറെ ഞെട്ടിച്ചത്. ഫുട്ബോള്‍ ലോകത്തിന് മാത്രമല്ല കായിക മേഖലയ്ക്കാകെ തീരാ നഷ്ടമായി. ആരോഗ്യം തീരെ നഷ്ടപ്പെട്ട ഡീഗോ മറഞ്ഞുപോകുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. ഫുട്ബോള്‍ ദൈവത്തിന് വിടചൊല്ലാന്‍ കൊറോണയെ പോലും വെല്ലുവിളിച്ച് ആരാധകര്‍ ഒത്തുകൂടി. ഫുട്ബോളിന് ഡീഗോ നല്കിയ സുന്ദര നിമിഷങ്ങള്‍ ഓര്ത്തെടുക്കുന്നതിനിടെയാണ് ഇറ്റലിയുടെ ലോകകപ്പ് ഇതിഹാസം പാവ്ലോ റോസിയും കളമൊഴിഞ്ഞത്. ഇറ്റാലിയന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ എണ്ണപ്പെട്ട താരമായി മാറി ലോകകിരീടം ചൂടിയ റോസിയും പോയ വര്‍ഷം ഫുട്ബോളിന് നഷ്ടത്തിന്റേതായി.
ക്രിക്കറ്റില്‍ കാത്തിരുന്ന ട്വന്റി20 ലോകകപ്പ് നഷ്ടമായതിന്റെ വേദനയിലാണ് ആരാധകര്‍. ആ വേദനയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്കി ഐപിഎല്‍. കൊറോണ കത്തിപടരുന്നതിനിടെ യുഎഇയില്‍ അത്ഭുതകരമായി ഐപിഎല്‍ നടന്നു. ആ നടത്തിപ്പിന് ബിസിസിഐയ്ക്ക് കൈയടിക്കാതിരിക്കാന്‍ ആവില്ല. മുംബൈയുടെ തേരോട്ടം തുടര്‍ന്ന ഐപിഎല്ലില്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തില്‍ ചെന്നൈയുടെ പതനവും ഉണ്ടായി. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയത് ആളുകള്‍ ആഘോഷിക്കുക തന്നെ ചെയ്തു. ഐപിഎല്ലിനും മുമ്പ് ഇന്ത്യയെ ക്രിക്കറ്റ് വാര്‍ത്തകളിലേക്ക് നയിച്ച മറ്റൊരു സംഭവമായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ട്വിറ്ററിലൂടെ വളരെ ലളിതമായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിന് എം.എസ്. ധോണി വിരമിക്കല്‍ മത്സരം പോലും ഉണ്ടായില്ലല്ലോ എന്നായി ചര്‍ച്ചകള്‍. സുരേഷ് റെയ്നയുടെ വിരമിക്കല്‍ ധോണിയുടെ നിഴലില്‍ അല്‍പ്പം മങ്ങിപോയെന്നത് വാസ്തവം.
36ന്റെ നാണക്കേടായിരുന്നു വര്‍ഷാവസാനം ക്രിക്കറ്റ് മൈതാനം ഇന്ത്യയ്ക്ക് കാത്തുവച്ചത്. അഡ്ലെയ്ഡില് കണ്ട ക്രിക്കറ്റിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ പേരുകേട്ട താരങ്ങള്‍ ബാറ്റുവീശി. ഒടുവില്‍ 36 റണ്‍സിന് ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ ഒരു ഡസനോളം നാണക്കേടിന്റെ ചരിത്രവും ഇന്ത്യക്കൊപ്പം കൂടി. അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒരു ടീമിന്റെ ടെസ്റ്റിലെ കുറഞ്ഞ സ്കോറും, ഇന്ത്യയുടെ എക്കാലത്തെയും ചെറിയ സ്കോറുമായി വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും. കോഹ്ലിയുടെ അഭാവത്തില്‍ മൂന്ന് ടെസ്റ്റുകള്‍ കൂടി അവസാനിക്കാനിരിക്കെ വരുംവര്‍ഷം ഇതിലും വലിയ നാണക്കേട് ഉണ്ടാക്കരുതെന്നാകും ആരാധകരുടെ പ്രാര്‍ഥന. സഞ്ജു സാസംണ് ഇന്ത്യയുടെ ട്വന്റി20 ടീമില്‍ തുടരെ കളിച്ചതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.
ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെ മേധാവിത്വം ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെട്ടു. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി ആദ്യമായി ലോക ഫുട്ബോളര് പട്ടം അലങ്കരിച്ചപ്പോള്‍ മാറ്റത്തിന്റെ കാഹളം വീണ്ടും മുഴങ്ങി. എങ്കിലും റോണോ-മെസി സഖ്യം തുടര്‍ച്ചയായി അവസാന റൗണ്ട് വരെ മത്സരത്തിനെത്തുന്നത്, ആ കളി മികവ് എത്രത്തോളം സങ്കീര്‍ണമാണെന്ന് തെളിയിക്കുന്നു. പ്രായത്തെ പോലും വെല്ലുവിളിച്ച് ഉയര്‍ന്ന ഗോള്‍വേട്ടക്കാരായി വരുംവര്‍ഷങ്ങളിലും സൂപ്പര്‍ താരങ്ങള്‍ കളം നിറയട്ടെ. ഇതിനിടെ ക്ലബ്ബ് മാറുന്ന ചര്‍ച്ചകളുമായി ലയണല്‍ മെസി ബാഴ്സലോണയെ വിവാദങ്ങളിലേക്കു വലിച്ചിട്ടു. കരിയര്‍ ഉടനീളം ബാഴ്സക്കായി നീക്കിവച്ച മെസി ഒടുവില്‍ ടീം വിടാന്‍ നിയമ പോരാട്ടം പോലും നടത്തുന്ന സ്ഥിതിയിലെത്തി. വരും സീസണില്‍ താരം ബാഴ്സയില്‍ തുടരുമോയെന്ന കാര്യവും സംശയമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് നേരിട്ട കനത്ത തോല്‍വി ബാഴ്സലോണക്കുള്ളിലെ പോര് തുറന്നുകാട്ടി. ചാമ്പ്യന്‍സ് ലീഗും ജര്‍മ്മന്‍ ലീഗും ഉള്‍പ്പെടെ കിരീടങ്ങള്‍ വാരിക്കൂട്ടി ബയേണ്‍ 2020 സുന്ദരമാക്കി. ലാ ലിഗയില്‍ തപ്പിതടഞ്ഞ റയല്‍മാഡ്രിഡ് ലോക്ഡൗണിന് ശേഷം അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മുന്നേറ്റം നടത്തി കിരീടം പിടിച്ചു.
ടെന്നീസില്‍ രാജാവ് താന്‍ മാത്രമെന്ന് ഉറക്കെ പ്രഖ്യാപിച്ചു റാഫേല്‍ നദാല്‍. 20 ഗ്രാന്‍ഡ് സ്ലാമുകളെന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താനും നദാലിനായി. ഫ്രഞ്ച് ഓപ്പണില്‍ 13 തവണയാണ് നദാല്‍ കിരീടം നേടിയത്. ഇടിക്കൂട്ടില്‍ മൈക് ടൈസന് തിരിച്ചെത്തുമെന്ന വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കി. കാറോട്ട മത്സരത്തില്‍ ലൂയിസ് ഹാമില്ട്ടണ് റെക്കോഡിലേക്കെത്തിയ വര്‍ഷവുമാണ് 2020. മൈക്കിള്‍ ഷൂമാക്കറുടെ ഫോര്‍മുല വണ്ണില്‍ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന റെക്കോഡിനൊപ്പമെത്തുകയായിരുന്നു ഹാമില്ട്ടണ്.
ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചെങ്കിലും വരും വര്‍ഷം കൂടുതല്‍ ആരവങ്ങളോടെ തിരിച്ചെത്തിക്കാനാണ് സംഘാടകരുടെ ശ്രമം. ഫുട്ബോളില്‍ യൂറോ കപ്പ്, കോപ്പാ അമേരിക്ക ടൂര്‍ണമെന്റുകളും അടുത്ത വര്‍ഷം നടത്തിയേക്കും. ഈ വര്‍ഷം നടക്കാതിരുന്ന ടൂര്‍ണമെന്റുകളെല്ലാം വരും വര്‍ഷം എത്തുമ്പോള്‍ ഒന്നുറപ്പിക്കാം, കായിക പ്രേമികളെ കാത്തിരിക്കുന്നത് ഉത്സവ സീസണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: