കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കുളം അവഗണനയില്‍. കാടുകയറിയും പടവുകള്‍ തകര്‍ന്നും ജലം മലിനമായും ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയെ വിളിച്ചറിയിക്കുകയാണ് ഈ ക്ഷേത്രക്കുളം. പത്തുവര്‍ഷക്കാലമായി കുളത്തിന്റെ പരിപാലനം ബോര്‍ഡ് നടപ്പാക്കുന്നില്ലെന്ന് ഭക്തര്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥ പരമദയനീയമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് കുളം. ചുറ്റും കാട് മൂടി ഇഴജന്തുശല്യവും വര്‍ദ്ധിച്ചു. കുളത്തില്‍ മാലിന്യവും പായലും മൂടി. ചുറ്റുമതിലില്‍ കിളിര്‍ത്തവ വന്മരങ്ങളായ നിലയിലാണ്.
വേലുത്തമ്പിദളവയുടെ കാലത്ത് പുനരുദ്ധരിച്ചതാണ് ക്ഷേത്രം. അന്നുമുതല്‍ മുടങ്ങാതെ ഈ കുളവും വിനിയോഗിച്ചിരുന്നു. രാമേശ്വരം ക്ഷേത്രത്തിലെയും കോത്തലവയല്‍ ക്ഷേത്രത്തിലെയും ഉത്സവത്തിന് ആറാട്ട് നടത്തിയിരുന്നത് ഈ കുളത്തിലാണ്. തൊട്ടടുത്തായി താമസിച്ചിരുന്ന കാലഘട്ടത്തില്‍ ക്ഷേത്രപൂജാരിമാര് വെളുപ്പിന് കുളിച്ചിരുന്നതും ഇവിടെയാണ്. സമീപപ്രദേശങ്ങളിലെ ചിറകളും വയലുകളും ജലസമ്പന്നമാക്കിയിരുന്നതും ഈ കുളമായിരുന്നു. എന്നാല്‍ കാലക്രമേണ വയലുകളുടെ സ്ഥാനത്ത് വീടുകളും കെട്ടിടങ്ങളുമായി. സമീപത്തെ വീടുകളില്‍ ഇപ്പോഴും ജലസമ്പന്നമായിരിക്കുന്നതില് കുളത്തിന്റെ പങ്ക് നിസ്തുലമാണ്. പത്തുവര്‍ഷം മുമ്പ് കുളം നവീകരണത്തിന് ദേവസ്വം ബോര്‍ഡ് പദ്ധതിയൊരുക്കിയതാണ്.
എസ്റ്റിമേറ്റ് എടുത്തശേഷം ഉപദേശകസമിതിയുടെ സംഭാവനകളും ആവശ്യപ്പെട്ടതോടെയാണ് പദ്ധതി നടപ്പാക്കാതെ പോയത്. ഫലത്തില്‍ ദേവസ്വം ബോര്‍ഡും ഉപദേശകസമിതിയും രാഷ്ട്രീയവല്‍കൃത സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പ്രസിദ്ധമായ ആനന്ദവല്ലീശ്വരം ക്ഷേത്രം പരിപാലിക്കുന്നതില്‍ ബോര്‍ഡ് വരുത്തുന്ന വീഴ്ചകള്‍ കൊവിഡ് മറയാക്കിയാണ് ഇപ്പോള്‍ പ്രതിരോധിക്കുന്നത്. ക്ഷേത്രത്തിന്റെ ഗോപുരം ജീര്‍ണിച്ച നിലയിലാണ്. ഇതറിഞ്ഞിട്ടും ബോര്‍ഡ് തിരിഞ്ഞുനോക്കിയിട്ടില്ല.
ജീര്‍ണതയിലേക്ക് നീങ്ങുന്ന ക്ഷേത്രക്കുളത്തില്‍ ഒരുവര്‍ഷത്തിനിടയില്‍ ആകെ നടക്കുന്നത് ബ്രാഹ്മണസഭയുടെ നേതൃത്വത്തില്‍ ആവണി അവിട്ടത്തോടനുബന്ധിച്ച് ഉപാകര്‍മം മാത്രമാണ്. ഇതിനായി അവര്‍തന്നെയാണ് ഒരുപരിധിവരെ കുളം വൃത്തിയാക്കി എടുക്കുന്നത്. ക്ഷേത്രക്കുളം നവീകരിച്ച് അതിര്‍ത്തിവേലി കെട്ടി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: