കൊച്ചി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചത് നൂറു കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ അഭ്യര്‍ഥിച്ച് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
റൗഫിന്റെ കസ്റ്റഡി മൂന്നു ദിവസം കൂടി നല്‍കിയിട്ടുമുണ്ട്. നൂറു കോടിയുടെ ഉറവിടവും അത് എങ്ങനെ വിതരണം ചെയ്തുവെന്ന കാര്യവും അന്വേഷിച്ചുവരികയാണ്. നിക്ഷേപത്തിന്റെ വലിയൊരു പങ്കും പണമായി തന്നെയാണ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്, പണമെത്തിയത് ഹവാല വഴിയാണെന്ന സൂചന നല്കി എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. പല തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് വലിയതോതിലാണ് പണക്കൈമാറ്റങ്ങള്‍ നടത്തിയിട്ടുള്ളതും മറ്റും.
2014നു ശേഷം ഇവരുടെ നിക്ഷേപം കാര്യമായി കൂടി. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ട്. 2019 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയായി ലഭിച്ച പണം ഇത്തരം സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉപയോഗിച്ചിരിക്കാം. ഫെബ്രുവരിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. അടുത്തിടെ ബെംഗളൂരുവില്‍ നടന്ന കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കും ബന്ധമുണ്ട്.
മുന്‍പും ജനജീവിതത്തെ ബാധിച്ച പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വിദേശത്ത് വന്‍തോതില്‍ ഫണ്ട് പിരിക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.ഡിസംബര്‍ 12ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് പിടിയിലായത്. യുപിയിലെ ഹഥ്രസിലേക്ക് പോകും വഴി പിടിയിലായ സിദ്ദിഖ് കാപ്പന് അടക്കമുള്ളവര്‍ക്ക് പണം നല്കിയതും റൗഫാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: