ന്യൂദല്‍ഹി : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റര്‍ ഉള്‍പ്പടെയുള്ളവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഇടപെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും ഉയര്‍ന്ന് വന്ന പ്രശ്നങ്ങളില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറില്‍ നിന്നും ഹൈക്കമാന്‍ഡ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന നേതാക്കളുമായി മൂന്ന് ദിവസം അന്‍വര്‍ സംവദിക്കും.
ഇതോടൊപ്പം യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് വിവരം. നേതാക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷമായിരിക്കും ഹൈക്കമാന്‍ഡിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് വീണ്ടും പരാജയത്തിന് കാരണമായേക്കാമെന്ന ഭയത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഈ ഇടപെടല്‍.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയം പണം വാങ്ങി നേതാക്കള്‍ സിപിഎമ്മിന് സീറ്റ് വീട്ടു നല്‍കിയതാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് ഉള്‍പ്പടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ കേരളത്തില്‍ കൂട്ടായ നേതൃത്വമാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും നഷ്ടപ്പെട്ട് സീറ്റുകള്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ എന്ന കാര്യവും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കാന്‍ ഇടയില്ല. തീരുമാനം ഉമ്മന്‍ചാണ്ടിക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: