തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അരുവിക്കരയില്‍ മത്സരിക്കും. സുരക്ഷിത മണ്ഡലം എന്ന നിലയിലാണിത്. നിലവില്‍ ഹരിപ്പാടു നിന്നുള്ള എംഎല്‍എ ആണ് ചെന്നിത്തല. ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് അകലുന്നതിനാല്‍ ഹരിപ്പാട് വീണ്ടും നിന്നാല്‍ തോല്‍വി ഉറപ്പാണെന്ന ബോധ്യമുള്ളതിനാലാണ് മണ്ഡലം മാറ്റം.
1991 മുതല്‍ കോണ്‍ഗ്രസിനെ മാത്രം ജയിപ്പിക്കുന്ന മണ്ഡലമാണ് അരുവിക്കര ( നേരത്തെ ആര്യനാട്). അഞ്ചു പ്രാവശ്യം ജി കാര്‍ത്തികേയനും പിന്നീട് രണ്ടു തവണ മകന് ശബരീനാഥനുമാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങള്‍ ഇടതു പക്ഷം തൂത്തുവാരിയപ്പോള്‍ ഇവിടെ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ജയിച്ചത്. ഈ അനുകൂല കണക്കുകളാണ് ചെന്നിത്തലയെ അരുവിക്കരയിലെത്തിക്കുന്നത്.
മണ്ഡലം മാറ്റം സംബന്ധിച്ച് ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച നടന്നു. ശബരിനാഥന് വിയോജിപ്പൊന്നും പറഞ്ഞില്ല. അരുവിക്കരയ്ക്കു പകരം വട്ടിയൂര്‍ക്കാവ് നല്‍കാമെന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നതാണ് ശബരീനാഥന്റെ ആവശ്യം. നെടുമങ്ങാട് ആനാട് ജയന്, നേമത്ത് ഡോ ജി വി ഹരി, കഴക്കൂട്ടത്ത് ശരത് ചന്ദ്ര പ്രസാദ്, വാമനപുരത്ത്് പാലോട് രവി എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചന. ഡിസിസി പ്രസിഡന്റിനെയും നേമത്ത് പരിഗണിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: