വാഷിങ്ടണ്‍: കോവിഡ് 19 പ്രതിരോധ വാക്സിന് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധവാക്സിനായ ഫൈസര്‍ ബൈഡന് സ്വീകരിച്ചത്.
ബൈഡന് വാക്സിന് സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ‘ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്.’ വാക്സിന് സ്വീകരിച്ചുകൊണ്ട് ബൈഡന് പറഞ്ഞു.
വാക്സിന്റെ ആദ്യ ഡോസാണ് സ്വീകരിച്ചത്. റെക്കോഡ് വേഗത്തിലുളള വാക്സിന് ഗവേഷണത്തിന് നേതൃത്വം നല്കിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നതായി ബൈഡന് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബൈഡനെ കൂടാതെ അമേരിക്കയിലെ സുപ്രധാന വ്യക്തികള്‍ വാക്സിന് സ്വീകരിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ചയാണ് വാക്സിന് സ്വീകരിച്ചത്.
കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: