ന്യൂഡല്‍ഹി: കേന്ദ്രകൃഷി നിയമങ്ങള്‍ക്കെതിരെ രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ടതെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രപതി റാം നാഥ് കോവിന്ദിന് നല്കിയ നിവേദനത്തിലെ വിവരങ്ങള്‍ അപൂര്‍ണം. കോണ്‍ഗ്രസ് എംപിമാരായ അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒപ്പിട്ട രണ്ടുകോടി പേരുടെ വിവരങ്ങള്‍ എന്ന് പറഞ്ഞാണ് രാഷ്ട്രപതിക്ക് നിവേദനം കൈമാറിയത്.
എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷക നിയമങ്ങള്‍ക്കെതിരെയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ഈ രേഖകളില്‍ കര്‍ഷകരെ ബന്ധപ്പെടാനുള്ള നമ്പറോ, മേല്‍വിലാസമോ ഇല്ല. ഈ രേഖയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്ന് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിവേദനം കൈമാറാനെത്തിയ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ ദല്‍ഹി പൊലീസ് ആദ്യം തടഞ്ഞിരുന്നു.
രാഷ്ട്രപതിയെ കാണാന്‍ മൂന്നുപേരെ അനുവദിക്കാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടര്‍ന്നാണ് അധീര്‍ റഞ്ജന്‍ ചൗധരിക്കും ഗുലാം നബി ആസാദിനുമൊപ്പം രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കണ്ടത്. കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയുള്ളതാണ് പുതിയ നിയമങ്ങളെന്ന് രാഹുല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികള്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: