ന്യൂദല്‍ഹി: സൗദി അറേബ്യ നല്കിയ വായ്പ അടിയന്തരമായി തിരിച്ചടയ്ക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചത് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. സൗദിയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം വഷളായതിനെത്തുടര്‍ന്നാണ് അടിയന്തരമായി മൂന്ന് ബില്യണ്‍ ഡോളര്‍ ലോണ്‍ തിരിച്ചടക്കേണ്ടി വന്നത്. സൗദിയുടെ വായ്പ ചൈനീസ് സഹായത്തോടെ തിരിച്ചടച്ചെങ്കിലും മറ്റുപല വായ്പകളും തിരിച്ചടയ്ക്കാന്‍ പാക്കിസ്ഥാന് ഇതുവരെയായിട്ടില്ല.
സൗദി അറേബ്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ സൗദി അടിയന്തര ധനസഹായം പാക്കിസ്ഥാന് നല്‍കിയത്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സൗദിയെ പാക്കിസ്ഥാന് വിമര്‍ശിച്ചതോടെ ബന്ധം വഷളായി. ഇതോടെ കടുത്ത നടപടികളിലേക്ക് സൗദി നീങ്ങുകയായിരുന്നു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ മുസ്ലിം രാജ്യങ്ങളെ അണിനിരത്താനുള്ള പാക് നീക്കം മുളയിലേ സൗദി അറേബ്യ നുള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (ഒഐസി) പിന്തുണ നേടാനാണ് പാക്കിസ്ഥാന് ശ്രമിച്ചത്.
ഒഐസിയിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയാറായില്ല. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നില്ക്കാന് ഒഐസിയെ അനുവദിക്കാത്തതില്‍ പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു.
തുടര്‍ന്നാണ് പാക്കിസ്ഥാനോട് അടിയന്തരമായി വായ്പ തിരിച്ചടയ്ക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു നീക്കം പാക്കിസ്ഥാന്, സൗദിയുടെ ഭാഗത്തുനിന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രശ്നം തണുപ്പിക്കാനും സൗദിയെ പ്രീതിപ്പെടുത്താനും പാക്കിസ്ഥാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൗദി ഉറച്ച നിലപാടില്‍ തുടര്‍ന്നു. ഇതോടെയാണ് ചൈനയുടെ സഹായം പാക്കിസ്ഥാന് തേടിയത്. പണം നല്‍കിയതോടെ ചൈനീസ് കെണിയില്‍ പാക്കിസ്ഥാന് വീഴുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: