തിരുവനന്തപുരം: അശരണരും ആലംബഹീനരുമായ കുറേ മനുഷ്യര്‍ക്ക് ആലയമൊരുക്കിയ മനുഷ്യ സ്നേഹിയാണ് സുഗതകുമാരി. അവര്‍ക്ക് തണലായി മൂന്ന് പതിറ്റാണ്ട് ഒപ്പമുണ്ടായിരുന്ന ആ കാവ്യസുഗതത്തെ അവര്‍ അമ്മ എന്നു വിളിച്ചു.
ഭ്രാന്താശുപത്രികളിലെ അതിദയനീയമായ അവസ്ഥ കണ്ടപ്പോഴാണ് അഭയയെ കുറിച്ച് സുഗതകുമാരി ചിന്തിച്ചത്. നൂറ്റമ്പതു കൊല്ലങ്ങളായി അടഞ്ഞു കിടക്കുന്ന ആശുപത്രികളായിരുന്നു കേരളത്തിലെ ഭ്രാന്താശുപത്രികള്. നാസി കോണ്സണ്ട്രേഷന് ക്യാമ്പുകള്‍ പോലെയായിരുന്നു അവിടം. ദുര്‍ഗന്ധവും പട്ടിണിയും നഗ്നതയും സ്ത്രീയെ വില്‍ക്കലുമെല്ലാം നടന്ന ഇടങ്ങളായിരുന്നു കേരളത്തിലെ മൂന്ന് ഭ്രാന്താശുപത്രികളും. അതു കണ്ട് ഹൃദയം തകര്‍ന്നാണ് അഭയ എന്ന സ്ഥാപനം തുടങ്ങിയത്. പത്രക്കാരെയു സംഘടനകളെയും എംഎല്‍എമാരെയുമൊക്കെ അറിയിച്ച് ആശുപത്രിയുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമമായിരുന്നു ആദ്യം. പിന്നീട് മീറ്റിംഗുകളും പ്രതിഷേധവമൊക്കെ നടത്തി. ഒപ്പു ശേഖരണവും പ്രധാനമന്ത്രിക്ക് കമ്പിയയക്കലുമെല്ലാം നടത്തി. മനോരാഗോശുപത്രികളെ മാനവീകരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
സര്‍ക്കാര്‍ അനങ്ങാതായപ്പോള്‍ ഹൈക്കോടതിയില്‍ കേസുകൊടുത്തു. കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോരോഗാശുപത്രികളിലെ പ്രവര്‍ത്തനത്തിന് മാറ്റംവന്നു. നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെ മൂന്ന് മനോരോഗാശുപത്രികളും തുറന്നിട്ടു. ജയിലുകള്‍ ആശുപത്രികളായി. പത്രപ്രവര്‍ത്തകര്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും അവിടെ പ്രവേശിക്കാമെന്നായി. രോഗം മാറി ആശുപത്രിവിടുന്നവര്ക്കായി ജില്ലാതലത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് സുഗതകുമാരിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പ്രൊജക്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ അതിനോട് പുറം തിരിഞ്ഞുനിന്നു.
പീന്നാടാണ് പേയാട് തച്ചോട്ടുകാവ് മഞ്ചാടിയില്‍ 1986 ല്‍ സുഗതകുമാരി ടീച്ചര്‍ അഭയഗ്രാമം എന്ന പേരില്‍ ജീവിതത്തില്‍ തനിച്ചായവര്‍ക്ക് ഒരു കേന്ദ്രമുണ്ടാക്കിയത്. അന്ന് അഭയയ്ക്ക് തറക്കല്ലിട്ട ടിബറ്റിന്റെ ആത്മീയാചാര്യന് ദലൈലാമ പറഞ്ഞു ”എല്ലാം നഷ്ടപ്പെട്ട, ഭാഗ്യഹീനര്ക്കുള്ളതാണ് അഭയഗ്രാമം. ഞാന്‍ ഈ മണ്ണിനെ അനുഗ്രഹിക്കുന്നു, നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു.” അനുഗ്രഹത്തിനൊപ്പം രണ്ട് തുള്ളി ആനന്ദക്കണ്ണീര് കൂടി പൊഴിച്ചിട്ട് ദലൈലാമ ടീച്ചറെ നോക്കി സുകൃതമാണ് ഈ ജന്മമെന്നും വിശേഷിപ്പിച്ചു. ഒരു തൊഴുകൈയില്‍ ഒതുങ്ങി ടീച്ചറുടെ മറുപടി.
ദലൈലാമ അന്നു നട്ട ബോധിവൃക്ഷത്തൈ ഇന്നു പടര്‍ന്നു പന്തലിച്ച് അഭയഗ്രാമത്തിനു തണല്മേലാപ്പാകുന്നു. ഇവിടെ വന്നുചേര്‍ന്ന പല പല ഊരുകാരും ഭാഷക്കാരുമായ എത്രയോ മനുഷ്യര്‍. അവരുടെ മനസ്സില്‍ അഭയത്തിന്റെയും സ്നേഹത്തിന്റെയും ഒരൊറ്റത്തണല് മാത്രം. ആ തണലിനെ, സുഗതകുമാരിയെ അവര്‍ അമ്മയെന്നു വിളിക്കുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ക്രൂരതയും പീഡനവും കണ്ടു ഞെട്ടിത്തരിച്ചു പോയ ഒരു നിമിഷത്തില്‍ നിന്നു സുഗതകുമാരി എന്ന പരിസ്ഥിതി പ്രവര്‍ത്തകയായ കവയത്രി തുടക്കമിട്ട പ്രസ്ഥാനം അതിവേഗം ജനങ്ങളുടെ പ്രശംസ നേടി. അഭയയുടെ കീഴില്‍ ആറോളം സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞുപോയ കാലത്തിനിടെ അഭയയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത് ഇടറിവീണ കുറെയേറെ ജന്മങ്ങളെ. മാനസിക രോഗികള്‍, അഗതികള്‍, തെരുവുബാല്യങ്ങള്‍, ലഹരിയില്‍ മുങ്ങിപ്പോയവര്‍, മാംസവിപണിയില്‍ കച്ചവടം ചെയ്യപ്പെട്ടവര്‍ അങ്ങനെ, അങ്ങനെ…! ഈ മകരമാസത്തിലെ അശ്വതി നാളില്‍ തങ്ങളുടെ വളര്‍ത്തമ്മയുടെ 86ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയായിരുന്നു അഭയയിലെ മക്കള്‍. അപ്പോഴാണ് നിനച്ചിരിക്കാതെ ആ വിയോഗം.
പരിമിതമായ കേന്ദ്ര ഫണ്ടിലാണ് അഭയ ഇന്നും മുന്നോട്ടു പോകുന്നത്. ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. എങ്കിലും ഒരു മാനസിക രോഗിയും റോഡില്‍ അലഞ്ഞുതിരിഞ്ഞു മറ്റുള്ളവരുടെ അതിക്രമങ്ങള്‍ക്കും പീഡനത്തിനും അവഹേളനത്തിനും ഇരയായി, പുഴുവിനെപ്പോലെ ജീവിക്കേണ്ടി വരരുത് എന്നതായിരുന്നു ആ അമ്മയുടെ ആഗ്രഹം. അല്ലെങ്കില്‍ മരണം വരെ അങ്ങനെയൊരു കാഴ്ച കാണാന്‍ ഇടവരരുതെന്ന പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: