കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളാണ് സുഗതകുമാരി. 1934 ല്‍ ജനിച്ചു. മാതാവ് പ്രൊഫ.കാര്‍ത്ത്യായനിയമ്മ. തിരുവനന്തപുരത്തു വിദ്യാഭ്യാസം. തത്വ ശാസ്ത്രത്തില്‍ എം.എ ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ, കുട്ടികള്‍ക്കുള്ള തളിര്‍ മാസികയുടെ പത്രാധിപ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. കേന്ദ്ര- കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ജന്മാഷ്ടമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ പുരസ്‌കാരം, വിശ്വദീപം അവാര്‍ഡ്, അബുദാബി മലയാളി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സുഗതകുമാരിക്കു ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനുള്ള ഭാരത സര്‍ക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്‌കാരം ലഭിച്ചത് സുഗത കുമാരിക്കാണ്. 2006 ല്‍ പത്മശ്രീ ലഭിച്ചു. ഭാഷാപിതാവിന്റെ പേരിലുള്ള വിലപ്പെട്ട സമ്മാനം എഴുത്തച്ഛന്‍ പുരസ്‌കാരവും. അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് കവിതയെഴുത്ത്. അന്ന് സ്ലേറ്റില്‍ കവിതയെഴുതി. സ്വാതന്ത്ര്യത്തെപ്പറ്റിയും കവിതയും സാഹിത്യവുമൊക്കെ മുഴങ്ങിക്കേള്‍ക്കുന്ന അന്തരീക്ഷമായിരുന്നു സുഗതകുമാരിയുടെ വീട്ടില്‍. തകഴിയും കേശവദേവുമൊക്കെ നിത്യ സന്ദര്‍ശകര്‍. പി.ഭാസ്‌കരന്‍ വന്നിരുന്നു കവിത ചൊല്ലും. ആദ്യം വായിച്ചു തുടങ്ങിയത് രാമായണമാണ്. കവിതയുടെ അടിസ്ഥാനവും അതു തന്നെ. കുട്ടിയായിരിക്കുമ്പോഴേ കുറെ കാണാതെ പഠിച്ചു. പിന്നീട് ഭാഗവതം, തുള്ളല്‍ക്കഥകള്‍…. വായന പതുക്കെ വളര്‍ന്നു. കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലം വന്നു. ആര്‍ത്തിയായിരുന്നു വായിക്കാന്‍. കുമാരനാശാന്റെ കൃതികള്‍, മാര്‍ത്താണ്ഡ വര്‍മ്മ, പാവങ്ങള്‍ ഇതെല്ലാം പത്തു വയസ്സിനു മുന്നേ വായിച്ചു. ഇംഗ്ലീഷ് സാഹിത്യത്തോടും ഒപ്പം സംസ്‌കൃതത്തോടും പ്രിയമുണ്ടാക്കിയത് അമ്മയാണ്. അമ്മ ടാഗോറിനെയും കാളിദാസനെയുമൊക്കെ വായിച്ചു കേള്‍പ്പിച്ചു. വളരെ ആസ്വാദ്യതയോടെയാണ് സുഗതയും സഹോദരിമാരും അതാസ്വദിച്ചത്.
കുട്ടിക്കാലത്ത് ആദ്യമൊക്കെ എഴുതിയ കവിതകള്‍ ആരെയും കാണിച്ചിരുന്നില്ല. കവിതകളെഴുതി ഒളിപ്പിച്ചു വെച്ചു. ആരെങ്കിലും കണ്ടു കുറ്റം പറഞ്ഞാലോ എന്ന ഭയമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മാഗസിനിലാണ് ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. മറ്റൊരു പേരില്‍. പിന്നീട് പതിയെ പുറത്തും എഴുതാന്‍ തുടങ്ങി.
1960ലാണ് ഡോ.കെ.വേലായുധന്‍ നായരുമായുള്ള വിവാഹം. പിന്നീടുള്ള ജീവിതം ദില്ലിയിലായിരുന്നു. ആ കാലത്ത് നിരവധി കവിതകള്‍ സുഗതകുമാരിയുടേതായി പുറത്തു വന്നു. എല്ലാം എക്കാലത്തും ഓര്‍ക്കപ്പെടുന്നത്. മാതൃപൂജ, അത്രമേല്‍ സ്‌നേഹിക്കയാല്‍ തുടങ്ങിയ കവിതകള്‍ ദില്ലിയിലെ ജീവിതകാലത്ത് രചിച്ചവയാണ്. ദില്ലി ജീവിതം കവിതയെഴുതാന്‍ നല്ല അന്തരീക്ഷം നല്‍കി. പക്ഷേ, അതിലേറെ കഷ്ടപ്പാടുകളും. മാതൃപൂജ, അത്രമേല്‍ സ്‌നേഹിക്കയാല്‍ എന്നീ രണ്ടു കവിതകളും ആശുപത്രി ജീവിതത്തിനിടയില്‍ പിറന്നതാണ്. കൊടും പനിക്കിടക്കയില്‍ കിടന്നു ചൊല്ലിയ കവിതയാണ് മാതൃപൂജ. ഭര്‍ത്താവ് കുറിച്ചെടുക്കുകയായിരുന്നു. ചിക്കന്‍പോക്‌സ് പിടിപെട്ട് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അത്രമേല്‍ സ്‌നേഹിക്കയാല്‍ ഉണ്ടായത്.
കവയിത്രിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു തിരുവനന്തപുരത്തെ അഭയ. 1985ലാണ് ‘അഭയ’ ജനിച്ചത്. കേരളത്തിലെ മനോരോഗാശുപത്രികളില്‍ കണ്ട കാഴ്ചകള്‍ സുഗതയെ സ്പര്‍ശിച്ചു. നരകദര്‍ശനമായിരുന്നു അതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നുറച്ചൂ. അങ്ങനെയാണ് അഭയ എന്ന സ്ഥാപനം ഉണ്ടാകുന്നത്. മനോരോഗികള്‍ അനുഭവിക്കുന്ന നരക യാതനകള്‍ ലോകം അറിഞ്ഞത് സുഗതകുമാരിയിലൂടെയാണ്. ആ യുദ്ധത്തിനും വിജയമുണ്ടായി. ഉന്നത ഇടപെടലുകളുണ്ടായി. ഇന്ന് സംസ്ഥാനത്തെ മനോരോഗാശുപത്രികള്‍ ജയിലുകളല്ല. ആതുരാലയങ്ങളാണ്.
ആശ്രയമില്ലാത്ത സ്ത്രീകള്‍, നിന്ദിക്കപ്പെട്ടവര്‍, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര്‍ അവര്‍ക്കു വേണ്ടി അഭയ എന്നൊരു കൂടൊരുക്കി സുഗതകുമാരി പുണ്യം ചെയ്തു. അഭയ ഇന്ന് ആരാലും ആദരിക്കപ്പെടുന്ന വലിയ സ്ഥാപനമാണ്. ആശ്രയമില്ലാത്തവര്‍ അനുദിനം പെരുകുന്ന നാട്ടില്‍ അഭയ പരാജയമാകില്ലെന്ന് കവയിത്രിക്കറിയാം.
സുഗതകുമാരിയുടെ കവിതയില്‍ പ്രതിഷേധം മാത്രമല്ല ഉള്ളത്. പ്രണയവും ഭക്തിയും കാല്പനികതയുമെല്ലാമുണ്ട്. അവര്‍ പക്ഷേ, കവിതയെഴുതിയത് ആത്യന്തികമായി സമൂഹത്തിനുവേണ്ടിയാണ്. അവരുടെ പ്രശസ്തമായ കൃഷ്ണ കവിതയില്‍ നിറയുന്നത് പ്രണയവും സങ്കടവുമൊക്കെയാണെങ്കിലും അതിലും ഒളിച്ചുവെക്കാത്ത സാമൂഹ്യ ബോധവും രാഷ്‌ട്രീയവുമുണ്ട്. സദാ സമര സന്നദ്ധയായ പോരാളിയാണ് ഇല്ലാതാകുന്നത്. അനീതിക്കും അക്രമത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെയുള്ള സമരത്തിന് കരുത്തു പകരാന്‍ ആ വാക്കുകളും ശരീരവുമിനിയില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക