തിരുവനന്തപുരം: ‘മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം” ഇതായിരുന്നു മലകളുടെയും ചെടികളുടെയും കാവലാളായിരുന്ന സുഗതകുമാരിയുടെ ആഗ്രഹം.
എന്തൊക്കെ ചെയ്യരുതെന്ന് കവിഹൃദയം ആഗ്രഹിച്ചിരുന്നുവോ അതിനെല്ലാം വിരുദ്ധമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം ആയതിനാല്‍ പൊതുദര്‍ശനത്തിന് സാധിച്ചില്ല. പകരം അയ്യങ്കാളി ഹാളില്‍ കവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പുഷ്പചക്രം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സംഘാടനം. സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ക്ക് വിലകല്പിക്കാതെ പതിനായിരക്കണക്കിന് രൂപയുടെ ‘ശവപുഷ്പങ്ങള്‍’ ചിത്രത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. ചിതയിലേക്ക് എടുക്കും മുമ്പും ആ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ആ റീത്ത് സമര്‍പ്പിച്ചത്. ‘പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്” എന്ന വാക്കുകള്‍ മൃതദഹേം ചിതയിലേക്കെടുക്കുമ്പോള്‍ പോലും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒമ്പത് പോലീസുകാര്‍ നിരന്നു നിന്ന് ആകാശത്തേക്ക് വെടിമുഴക്കി ഔദ്യോഗിക ബഹുമതി നല്കി.
‘അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട’ എന്നുള്ള ആഗ്രഹം പോലും സാധിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. അഞ്ചുമണിക്ക് അയ്യങ്കാളി ഹാളില്‍ അനുസ്മരണയോഗം ചേര്‍ന്നു. സാംസ്കാരിക മന്ത്രി എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും അടക്കം പ്രഭാഷണവും നടത്തി.
വീട്ടുകാര്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി. ഇനി ശേഷിക്കുന്ന ആഗ്രഹം ഇതാണ് ”ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ച് പേര്‍ക്ക് പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. പിന്നെ തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി പടുത്തുര്‍ത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവയ്ക്കരുത്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: