കോഴിക്കോട്: ഷിഗല്ല രോഗം കണ്ടെത്തിയ കോര്പ്പറേഷന് 18-ാം ഡിവിഷന് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്ത് തിരുവനന്തപുരത്ത് നിന്നും എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നാല് ദിവസം കൂടി പരിശോധന തുടരും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറു കേസുകളില്‍ ഷിഗല്ല സോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതില്‍ രോഗാണു സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് വെള്ളത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വയറിളക്ക രോഗത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ രോഗം പിടിപെട്ട അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: