കോഴിക്കോട്: നഗരത്തില്‍ രാത്രിയില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. അന്നശ്ശേരി പരപ്പാറ സ്വദേശി അജ്നാസ് (26)നെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ. ഉമേഷും ചേര്‍ന്ന് പിടികൂടിയത്.
നഗരത്തില്‍ രാത്രികാലങ്ങളില്‍ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണുകളും പണവും അപഹരിച്ചു കൊണ്ടുപോകുന്ന നിരവധി പരാതികള്‍ വര്‍ദ്ധിച്ചതിനെതുടര്‍ന്ന് നഗരത്തില്‍ പോലീസ് രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ടൗണ്‍ സ്റ്റേഷന് പരിധിയിലെ സി.എച്ച്. ഓവര്‍ ബ്രിഡ്ജിനടുത്തെ സ്ഥാപനത്തിന്റെ ഗ്ലാസ്സ് ഡോറില്‍ തുണിയില്‍ കല്ലു കെട്ടി തകര്‍ത്ത് അകത്തു കയറി മൊബൈല്‍ ഫോണും വിലപ്പെട്ട രേഖകളും മോഷ്ടിച്ചിരുന്നു. മോഷണം നടത്തിയ ആളെകുറിച്ച് ക്രൈം സ്ക്വാഡിന് സൂചന ലഭിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ പോലീസ് പരിശോധനയ്ക്കിടെ, കോഴിക്കോട് മോഡല്‍ സ്കൂള്‍ പരിസരത്ത് ഒരാള്‍ കറങ്ങി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തിപ്പോള്‍ അജ്നാസ് ആണെന്ന് പോലീസിന് മനസ്സിലാവുകയും ചെയ്തു. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോള്‍ അജ്നാസിന്റെ കൈവശം മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലില്‍ സി.എച്ച്. ഓവര്‍ ബ്രിഡ്ജിനടുത്തെ സ്ഥാപനത്തില്‍ മോഷണം നടത്തിയത് സമ്മതിച്ചു. എലത്തൂര്‍, കസബ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകള്‍ക്ക് വ്യക്തമായ സൂചനയും പോലീസിന് ലഭിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നതെന്നും മോഷണശ്രമം മറ്റാരെങ്കിലും കാണാന്‍ ഇടവന്നാല്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതും ഇയാളുടെ രീതിയാണെന്നും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ. ഉമേഷ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതിന് വെള്ളയില്‍, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. നൈറ്റ് ഔട്ട് റോബറി സംഘങ്ങളെകുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, എം. ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ. പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത് കൂടാതെ ടൗണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍സലീം, സുബ്രമണ്യന്‍, സീനിയര്‍ സിപിഒ ഉദയന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: