തിരുവനന്തപുരം: കവിതകൊണ്ടും ജീവിതംകൊണ്ടും ഇരുളിനെ പ്രതിരോധിച്ച എഴുത്തുകാരിയാണ് സുഗതകുമാരി ടീച്ചര്‍ എന്ന് ബാലഗോകുലം അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍.
ഒരേ സമയം പാട്ടുകാരിയും പോരാളിയുമായിരുന്നു സുഗതകുമാരി. പ്രകൃതി അവരിലൂടെ നേരിട്ടു സംസാരിക്കുകയായിരുന്നു. മുറിവേറ്റ പെണ്ണിനും പ്രകൃതിയ്ക്കും വേണ്ടി തുറന്നു വച്ച വീടാണ് ആ അമ്മയുടെ ഹൃദയം. ഭാരതീയ കാവ്യപാരമ്പര്യത്തിന്റെ വേരും തളിരും ആ രചനകളില്‍ തെളിയുന്നു.
ശ്യാമസുന്ദരനായ ശ്രീകൃഷ്ണന് ആ കവിതകളുടെ പ്രാണനാണ്. വൃന്ദാവനത്തിന്റെ രാഗവിശുദ്ധിയും കുരുക്ഷേത്രത്തിന്റെ കര്‍മ്മനിഷ്ഠയും അവരുടെ കവിതകളില്‍ ഒത്തുചേരുന്നു. അവമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന് അഴിയാത്ത ചേലയുടെ സാന്ത്വനമാണ് ആ രചനകള്‍ .
‘ശ്യാമസുന്ദര , മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേന്‍’ എന്ന ദിവ്യബോധത്തിനു മുന്നില്‍ ബാലഗോകുലം പ്രണമിക്കുന്നു. കര്‍മ്മത്തെ കര്മ്മയോഗമാക്കുന്ന കരുത്താണ് കൃഷ്ണഭക്തി.
ദീര്‍ഘകാലം വിവിധ ചുമതലകളില്‍ ബാലഗോകുലത്തോടൊപ്പമുണ്ടായിരുന്ന, പ്രഥമ ജന്മാഷ്ടമിപുരസ്ക്കാരമേറ്റുവാങ്ങിയ , ഗോകുലപാഠങ്ങളുടെ സംഗ്രഹരൂപമായി ത്രിമധുരം എന്ന വിശിഷ്ടഗ്രന്ഥം സമ്മാനിച്ച മലയാളത്തിന്റെ എഴുത്തമ്മയ്ക്ക് ബാലഗോകുലകുടുംബം ഏറെ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ആര്. പ്രസന്നകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: