കണ്ണൂര്‍: രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റിന്റെ നടപടി വിവാദമായി. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ സെനറ്റ് യോഗം പ്രമേയം പാസ്സാക്കിയത്. സിപിഎം നേതാവും സെനറ്റ് അംഗവുമായ ഡോ. വി.പി.പി. മുസ്തഫയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാന ഗവര്‍ണര്‍ ചാന്‍സലറായ സര്‍വ്വകലാശല പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന ആരോപണമുയര്‍ന്നു. പ്രമേയം വ്യക്തമായ ഭരണഘടന ലംഘനമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം കര്‍ഷകപ്രക്ഷോഭത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആവശ്യകതയുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
‘അതിശൈത്യത്തോട് പൊരുതി മണ്ണിന്റെ മക്കള്‍ ഡല്‍ഹിയില്‍ സമരമുഖത്താണ്. ചോരയും നീരും കൊണ്ട് അന്നം വിളയിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടാത്ത ബില്ലുകള്‍ പിന്‍വലിച്ച് കോര്‍പ്പറേറ്റ് ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് കേന്ദ്രഭരണകൂടത്തോട് സെനറ്റ് സമ്മേളനം ആവശ്യപ്പെടുന്നു’ എന്നാണ് പ്രമേയത്തിലെ വാചകങ്ങള്‍.
സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് സിന്‍ഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാല്‍ പ്രമേയത്തിലൂടെ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം ഓണ്‍ലൈനായാണ് നടത്തിയത്. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവിന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: