തൊടുപുഴ: ഉടുമ്പന്നൂര്‍ പാറേക്കവലയില്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ഡിജെ പാര്‍ട്ടി നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത് കരിമണ്ണൂര്‍ പോലീസ്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കരിമണ്ണൂര്‍ എസ് ഐ സിനോദ് .കെയുടെ നേതൃത്വത്തില്‍ കേസ് എടുത്തത്. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ഉടുമ്പന്നൂര്‍ ടൗണില്‍ രണ്ടിടങ്ങളിലായി തുടങ്ങിയ ആഘോഷം അര്‍ധരാത്രി വരെ നീണ്ടു നിന്നിരുന്നു. കോതമംഗലത്ത് നിന്നാണ് ഡിജെ സംഘം എത്തിയത്. വലിയ തോതില്‍ യുവാക്കളും തടിച്ച് കൂടി ഡിജെയ്ക്കൊപ്പം നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഉടുമ്പന്നൂര്‍ ടൗണില്‍ നടന്ന പരിപാടിയില്‍ പുറത്ത് നിന്നടക്കം 300ഓളം പേരാണ് എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. വളരെ ഉച്ചത്തില്‍ പാട്ട് വച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലായിരുന്നു ഡിജെ പരിപാടി സംഘടിപ്പിച്ചത്.
പരിപാടി തുടങ്ങിയപ്പോള്‍ പോലീസിലും ആരോഗ്യ വകുപ്പിലും പരാതിപ്പെട്ടെങ്കിലും ആദ്യം നടപടി എടുക്കാന്‍ തയാറാകാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. അടുത്ത രണ്ടാഴ്ച കൊറോണ വ്യാപനത്തില്‍ ഏറെ നിര്‍ണ്ണായകമെന്ന് ആരോഗ്യ മന്ത്രി പറയുമ്പോഴാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ആഘോഷം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: