Categories: Kerala

സിസ്റ്റര്‍ അഭയയെ കൊന്നതു തന്നെ; 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപ്രസ്താവം; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ വിധിക്കും

Published by

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപ്രസ്താവം. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ ശിക്ഷ നാളെ വിധിക്കും. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by