ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ ബെംഗളൂരു എഫ്‌സിയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പിന് വിരാമം. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരുവിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ ബെംഗളൂരുവിന്റെ ആദ്യ തോല്‍വിയാണിത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഡേവിഡ് വില്യംസാണ് ഗോള്‍ നേടിയത്.
ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന്‍ ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. അതേസമയം ബെംഗളൂരു ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. തുടക്കത്തില്‍ എടികെ മോഹന്‍ ബഗാനാണ് തകര്‍ത്തുകളിച്ചത്. റോയ് കൃഷ്ണയും മന്‍വീറും വില്യംസുമൊക്കെ ബെംഗളൂരുവിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. മുപ്പത്തിമൂന്നാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന് ലീഡും നേടി.
ഡേവിഡ് വില്യംസാണ് സ്‌കോര്‍ ചെയ്തത്. കാള്‍ മക്ഹ്യൂവിന്റെ ലോങ് പാസ് പിടിച്ചെടുത്ത് ഡേവിഡ് വില്യംസ് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്ത് നിന്നുള്ള വില്യംസിന്റെ ഷോട്ട് ബെംഗളൂരുവിന്റെ വലയില്‍ കയറി നിന്നു. ഈ സീസണില്‍ വില്യംസിന്റെ ആദ്യ ഗോളാണിത്.
ഗോള്‍ വീണതോടെ കളി മാറി. ബെംഗളൂരു പോരാട്ടം മുറുക്കി. നിരന്തരം അവര്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍മുഖം ആക്രമിച്ചു. എറിക് പാര്‍ട്ടാലു, സുനില്‍ ഛേത്രി, ഉദാന്ത് സിങ്ങുമാണ് ബെംഗളൂരിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പാര്‍ട്ടാലുവിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിലും ബെംഗളൂരു ആധിപത്യം തുടര്‍ന്നു. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: