ഇടുക്കി : വാഗമണ്ണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതില്‍ നടപടിയുമായി പാര്‍ട്ടി. ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് അറിയിച്ചു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പേരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ തെരച്ചിലിലാണ് റിസോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. സമൂഹ മാധ്യമം വഴിയാണ് പാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് പിടിയിലായിട്ടുണ്ട്. ഒമ്പത് അംഗ സംഘമാണ് മയക്കുമരുന്ന് പാര്‍ട്ടിക്ക് പിന്നില്‍. ഇതില്‍ മൂന്ന് പേരാണ് മുഖ്യ ആസൂത്രകരെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജന്മദിന പാര്‍ട്ടിക്കെന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ മൂന്ന് റൂമുകള്‍ ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ ഏണസ്റ്റാണ് റിസോര്‍ട്ട് ബുക്ക് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിക്കായി കൂടുതല്‍ ആളുകള്‍ എത്തിയതോടെ റിസോര്‍ട്ട് ജീവനക്കാര്‍ ഇക്കാര്യം റൂം ബുക്ക് ചെയ്തയാളെ അറിയിക്കുകയും ചെയ്തിരുന്നതായും ഷാജി അറിയിച്ചിട്ടുണ്ട്. എഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തി വരികയാണ്.
ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. 25 സ്ത്രീകളടക്കം 54 പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. മൂന്ന് സംഘങ്ങളായി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: